മലബാർ സമരനായകരെ ചരിത്രത്തിൽ നിന്നു നീക്കം ചെയ്യൽ: ലീഗ് എംപിമാർ പ്രതിഷേധ സംഗമം നടത്തി
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ വക്രീകരിക്കുന്ന നിലപാട് അംഗീകരിക്കാൻ ആവില്ലെന്ന് സംഗമത്തിന്റെ മുന്നോടിയായി വിജയ് ചൗക്കിൽ മാധ്യമ പ്രവർത്തകരെ കണ്ട എംപിമാർ പറഞ്ഞു.
ന്യൂഡൽഹി: മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉൾക്കൊള്ളുന്ന ചരിത്രരേഖയിൽ നിന്നും നീക്കം ചെയ്യാനുള്ള ഐസിഎച്ച്ആറിന്റെയും കേന്ദ്ര സർക്കാരിന്റെയും തീരുമാനത്തിനെതിരേ മുസ്‌ലിം ലീഗ് എംപിമാർ ഗാന്ധി പ്രതിമക്കു മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ ടി മുഹമ്മദ് ബഷീർ എംപി, എംപി മാരായ പി വി അബ്ദുൽ വഹാബ്, ഡോ എം പി അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവരാണ് പ്രതിഷേധിച്ചത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ വക്രീകരിക്കുന്ന നിലപാട് അംഗീകരിക്കാൻ ആവില്ലെന്ന് സംഗമത്തിന്റെ മുന്നോടിയായി വിജയ് ചൗക്കിൽ മാധ്യമ പ്രവർത്തകരെ കണ്ട എംപിമാർ പറഞ്ഞു.
വളരെ തെറ്റായ ഒരു നടപടിയാണിത്. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ തമസ്‌ക്കരിക്കുകയാണ്. പ്രസിദ്ധ ചരിത്രകാരൻ എം ജി എസ് നാരായണൻ ചൂണ്ടിക്കാണിച്ചതുപോലെ മലബാർ സമരത്തെ വർഗീയ വൽക്കരിക്കുന്നതും അവരെ ചരിത്രത്തിൽ തെറ്റായി വ്യാഖ്യാനിക്കുന്നതും രാഷ്ട്രീയ ലക്ഷ്യം കൊണ്ടു മാത്രമാണ്. ഇതിനെതിരായി ശക്തമായ സമീപനങ്ങൾ എടുക്കുകയും ഇന്ത്യൻ പാർലമെന്റിലും, കേരള അസംബ്ലിയിലും മറ്റു വേദികളിലുമെല്ലാം തന്നെ സജീവമായി ഇടപെടുകയും ചെയ്ത പാർട്ടിയാണ് മുസ്ലിം ലീഗെന്നും എംപിമാർ പറഞ്ഞു.