റൂസ രണ്ടാംഘട്ടം: സംസ്ഥാന സര്‍ക്കാര്‍ 44.7 കോടി രൂപ അനുവദിച്ചു
ഫണ്ടനുവദിക്കുന്നതിന് ധനകാര്യവിഭാഗത്തിന്റെ അംഗീകാരത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതിന് പുറമെ കേന്ദ്ര വിഹിതമായി 67.05 കോടി രൂപയുടെ ധനസഹായവും ലഭിക്കും.
തിരുവനന്തപുരം: റൂസ (രാഷ്ട്രീയ ഉച്ചതാര്‍ സര്‍വശിക്ഷാ അഭിയാന്‍) രണ്ടാംഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകള്‍, സ്വയംഭരണ കോളജുകള്‍, സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിനും ഗവേഷണ മേഖലയിലെ ഉന്നമനത്തിനുമായി സംസ്ഥാന വിഹിതമായി 44.7 കോടി രൂപ അനുവദിച്ചു. ഫണ്ടനുവദിക്കുന്നതിന് ധനകാര്യവിഭാഗത്തിന്റെ അംഗീകാരത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതിന് പുറമെ കേന്ദ്ര വിഹിതമായി 67.05 കോടി രൂപയുടെ ധനസഹായവും ലഭിക്കും.
9 സര്‍ക്കാര്‍ കോളജുകള്‍, 91 സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍, 5 സ്വയംഭരണ കോളജുകള്‍ എന്നിവയ്ക്കായാണ് പണം അനുവദിച്ചിരിക്കുന്നത്. റൂസ രണ്ടാംഘട്ടത്തിന്റെ ആദ്യഗഡുവായി ഒരുകോടി രൂപ വീതമാണ് ഓരോ കോളജിനും ഇപ്പോള്‍ അനുവദിച്ചത്. രണ്ടും മൂന്നൂം ഗഡുക്കളായി ഒരുകോടി രൂപ കൂടി അനുവദിക്കും. ഫണ്ട് അനുവദിക്കുന്നതിനായി തിരഞ്ഞെടുത്ത സ്ഥാപനങ്ങളുടെ പദ്ധതി രൂപരേഖ അവതരണം പൂര്‍ത്തിയായാലുടന്‍ ഫണ്ട് കൈമാറുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ ടി ജലീല്‍ അറിയിച്ചു.