17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആര്‍എസ്എസ് മുഖ്യശിക്ഷക് പിടിയില്‍

അടയ്ക്ക, റബര്‍ഷീറ്റ് തുടങ്ങിയവയും പല സ്ഥലങ്ങളില്‍ നിന്നു മോഷ്ടിച്ചതായും സഹപ്രവര്‍ത്തകനായ ബസ് ഡ്രൈവറെ രാത്രി വീട്ടിലേക്ക് ബൈക്കില്‍ പോവുമ്പോള്‍കല്ലെറിഞ്ഞു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും അനീഷ് വെളിപ്പെടുത്തിയിട്ടുണ്ട്

Update: 2019-02-20 10:35 GMT

കോഴിക്കോട്: പതിനേഴ് വയസ്സുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ആര്‍എസ്എസ് മുഖ്യ ശിക്ഷക് മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ മുക്കം മരഞ്ചാട്ടി മൂലംപാറക്കല്‍ അനീഷി(34)നെയാണ് പോലിസ് പിടികൂടിയത്. ഇക്കഴിഞ്ഞ ആറിനു ഉമ്മയോടൊപ്പം മുക്കത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയെ അനീഷ് ബൈക്കില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒപി ടിക്കറ്റെടുക്കാന്‍ പോയി തിരിച്ചെത്തിയ ഉമ്മ കുട്ടിയെ കാണാത്തതിനാല്‍ മുക്കം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലിസ് മുക്കത്തും പരിസരത്തും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുക്കം എസ്‌ഐ കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി മൈസൂര്‍ ഭാഗത്തേക്ക് പോവുന്നതായി മനസ്സിലാക്കി പിന്തുടരുകയും ചെയ്തു. എന്നാല്‍ മൈസൂരില്‍ നിന്ന് പ്രതി തിരിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ അന്വേഷണ സംഘം മുത്തങ്ങ ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തുന്നതിനിടെ പ്രതി കുട്ട വഴി കോഴിക്കോട്ടേക്ക് തിരിച്ചു. അന്വേഷണ സംഘം ഇവിടെ എത്തുമ്പോഴേക്കും മൊബൈല്‍ ഓഫ് ചെയ്ത് പ്രതി അവിടെ നിന്നു രക്ഷപ്പെട്ടു. എന്നാല്‍ പ്രതിയുടെ കുറ്റകൃത്യവാര്‍ത്തകള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഇയാളെ പ്രദേശവാസികള്‍ തിരിച്ചറിയുന്നത് ഒഴിവാക്കാന്‍ രാത്രി മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളെ പിടികൂടുമ്പോള്‍ ഉപയോഗിച്ചിരുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തു നിന്നു മോഷ്ടിച്ച ബൈക്കാണെന്ന് പോലിസിനു മൊഴി നല്‍കി. ഇതിനുപുറമെ അടയ്ക്ക, റബര്‍ഷീറ്റ് തുടങ്ങിയവയും പല സ്ഥലങ്ങളില്‍ നിന്നു മോഷ്ടിച്ചതായും സഹപ്രവര്‍ത്തകനായ ബസ് ഡ്രൈവറെ രാത്രി വീട്ടിലേക്ക് ബൈക്കില്‍ പോവുമ്പോള്‍കല്ലെറിഞ്ഞു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും അനീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




Tags:    

Similar News