സബ്കലക്ടര്‍ രേണുരാജ് മോശമായി പെരുമാറി; എസ് രാജേന്ദ്രന്‍ എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി

അനധികൃത നിര്‍മ്മാണം തടഞ്ഞ സബ് കലക്ടറുടെ നടപടിയെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പൂര്‍ണമായും പിന്തുണച്ചു. സബ്കലക്ടറുടേത് നിയമപരമായ നടപടിയാണെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ജനപ്രതിനിധികളെ വിമര്‍ശിച്ചു.

Update: 2019-02-12 07:13 GMT
സബ്കലക്ടര്‍ രേണുരാജ് മോശമായി പെരുമാറി; എസ് രാജേന്ദ്രന്‍ എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: ദേവികുളം സബ്കലക്ടര്‍ രേണുരാജിനെതിരെ പരാതിയുമായി എസ് രാജേന്ദ്രന്‍ എംഎല്‍എ. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എംഎല്‍എ പരാതി കൈമാറി. സബ് കലക്ടര്‍ ഫോണിലൂടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. താന്‍, തന്റെ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് സബ്കലക്ടര്‍ തന്നോട് സംസാരിച്ചത്. മൂന്ന് പതിറ്റാണ്ട് എംഎല്‍എ ആയിരുന്ന തന്നെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

ഇത്തരം പരാതി കിട്ടിയാല്‍ അതാത് വകുപ്പുകള്‍ക്ക് കൈമാറുന്നതാണ് സ്പീക്കറുടെ ഓഫീസിന്റെ കീഴ്‌വഴക്കം. ഈ സാഹചര്യത്തില്‍ എംഎല്‍എയുടെ പരാതി സ്പീക്കര്‍ റവന്യു വകുപ്പിന് കൈമാറും. അതേസമയം, മൂന്നാര്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട് ദേവികുളം സബ്കലക്ടര്‍ രേണുരാജിനെതിരെ എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തിയ പരാമര്‍ശം സബ്മിഷനായി നിയമസഭയിലെത്തി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് സബ്മിഷന്‍ പരിഗണിച്ചത്.

സബ്മിഷനുള്ള മറുപടിയില്‍, അനധികൃത നിര്‍മ്മാണം തടഞ്ഞ സബ് കലക്ടറുടെ നടപടിയെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പൂര്‍ണമായും പിന്തുണച്ചു. സബ്കലക്ടറുടേത് നിയമപരമായ നടപടിയാണെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഔദ്യോഗിക കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ ജനപ്രതിനിധികളെ വിമര്‍ശിച്ചു. കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. 

Tags:    

Similar News