സര്‍ക്കാരിന്റെ കൃതി രാജ്യാന്തര പുസ്തകമേളയില്‍ 'സനാതന്‍ സന്‍സ്ഥയുടെ' പുസ്തകങ്ങളും
സാഹിത്യപ്രവര്‍ത്തകരും എഴുത്തുകാരും മേള സന്ദര്‍ശിച്ചപ്പോഴാണ് കൊലപാതകങ്ങളടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന സംഘടനയുടെ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ സനാതന്‍ സന്‍സ്ഥയ്‌ക്കെതിരേ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് വ്യാപക പ്രതിഷേധത്തിനിടയാക്കുന്ന സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ നടപടി.
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെയും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്നുവരുന്ന രാജ്യാന്തര കൃതി പുസ്തകമേളയില്‍ തീവ്രഹിന്ദുത്വസംഘടനയായ സനാതന്‍ സന്‍സ്ഥയുടെ പുസ്തകങ്ങളും കയറിക്കൂടിയത് വിവാദമാവുന്നു. സാഹിത്യപ്രവര്‍ത്തകരും എഴുത്തുകാരും മേള സന്ദര്‍ശിച്ചപ്പോഴാണ് കൊലപാതകങ്ങളടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന സംഘടനയുടെ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ സനാതന്‍ സന്‍സ്ഥയ്‌ക്കെതിരേ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് വ്യാപക പ്രതിഷേധത്തിനിടയാക്കുന്ന സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ നടപടി. ശ്രീ സിദ്ധേശ്വര്‍ ധര്‍മജാഗ്രിതി സന്‍സ്ഥ എന്ന പേരിലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് സനാതന്‍ പബ്ലിക്കേഷന്റെ പേരിലുള്ള പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഹിന്ദു ജാഗ്രിതി സമിതിയുടെയും സനാതന്‍ സന്‍സ്ഥയുടെയും വെബ്‌സൈറ്റുകള്‍ വഴി വില്‍ക്കുന്ന പുസ്തകങ്ങളാണ് മേളയില്‍ വില്‍പനയ്ക്കായി ലഭ്യമാക്കിയിരിക്കുന്നത്. പബ്ലിക്കേഷന്റെ വെബ്‌സൈറ്റിനടക്കം തീവ്ര ഹിന്ദുസംഘടനയായ ഹിന്ദു ജാഗ്രിതി സമിതി (എച്ച്‌ജെഎസ്) യുമായും സനാതന്‍ സന്‍സ്ഥയുമായും ബന്ധമുള്ളതാണ്. ഹിന്ദു ജാഗ്രിതി സമിതിയും സനാഥന്‍ സന്‍സ്ഥയും ഒരു കുടക്കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകളുമാണ്.
അതേസമയം, വിവാദ സംഘടനയില്‍പെട്ടവര്‍ക്ക് സ്റ്റാള്‍ അനുവദിച്ചതിനെ ന്യായീകരിക്കുന്ന സമീപനമാണ് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായത്. ശ്രീ സിദ്ധേശ്വര്‍ ധര്‍മജാഗ്രിതി സന്‍സ്ഥയ്ക്ക് സ്റ്റാള്‍ അനുവദിക്കുന്നതില്‍ ചട്ടവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് പുസ്തകമേളയുടെ സംഘാടകനായ ജോബി ജോണ്‍ പറയുന്നു. ചെറിയ പ്രസാദകര്‍ക്കാണ് കൃതി മേളയില്‍ സ്റ്റാളുകള്‍ അനുവദിക്കാറുള്ളത്. കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത ധര്‍മജാഗ്രിതി സന്‍സ്ഥയുടെ പേരിലാണ് സ്റ്റാള്‍ ബുക്കുചെയ്തത്്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്റ്റാളില്‍ പരിശോധന നടത്തിയെങ്കിലും വിവാദപരമായ പുസ്തകങ്ങളൊന്നും കണ്ടെത്താനായില്ലെന്നും മേല്‍പ്പറഞ്ഞ സംഘടനയെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്നും ജോബി ജോണ്‍ വ്യക്തമാക്കുന്നു.
അതേസമയം, ഇത്തരത്തിലുള്ള ഫാസിസ്റ്റ് മൗലികവാദ ഗ്രൂപ്പുകള്‍ക്ക് സ്റ്റാളുകള്‍ അനുവദിക്കുന്നതില്‍ സംഘാടകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. സ്വകാര്യസ്ഥാപനങ്ങള്‍ പുസ്തകമേളകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, കൃതി എക്‌സ്‌പോ സര്‍ക്കാര്‍ പൊതുപണം ചെലവഴിച്ച് സംഘടിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം മേളകളില്‍ ഫാസിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് ഇടംനല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മുതലാണ് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൃതി രാജ്യാന്തര പുസ്തകമേള മറൈന്‍ ഡ്രൈവില്‍ നടത്തിവരുന്നത്.