ഹിന്ദു ഭീകരത എന്ന പ്രയോഗം കോണ്‍ഗ്രസ് ചുട്ടെടുത്തതാണെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം നുണ
വിചാരണക്കോടതി സംഝോത സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെവിട്ടു എന്നത് വാസ്തവമാണെങ്കിലും തെളിവുകള്‍ മറച്ചുവച്ചതില്‍ എന്‍ഐഎക്കെതിരേ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചിരുന്നത്.
മുംബൈ: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് ചൂണ്ടിക്കാട്ടി ഹിന്ദു ഭീകരത എന്നൊന്ന് ഇല്ലെന്നും അത് കോണ്‍ഗ്രസ് നിര്‍മിച്ചെടുത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു. എന്നാല്‍, കോടതി രേഖകള്‍ ഇത് തെറ്റാണെന്നു തെളിയിക്കുന്നു. വിചാരണക്കോടതി സംഝോത സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെവിട്ടു എന്നത് വാസ്തവമാണെങ്കിലും തെളിവുകള്‍ മറച്ചുവച്ചതില്‍ എന്‍ഐഎക്കെതിരേ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചിരുന്നത്.
2017 മാര്‍ച്ച് 8ന് ജയ്പൂരിലെ എന്‍ഐഎ പ്രത്യേക കോടതി അജ്മീര്‍ സ്‌ഫോടന കേസില്‍, മുന്‍ ആര്‍സ്എസ് പ്രചാരകുമാരായ സുനില്‍ ജോഷി, ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവര്‍ കുറ്റക്കാരെന്നു വിധിച്ചിരുന്നു. 2017 ആഗസ്തില്‍ ഗുപ്തയ്ക്കും പട്ടേലിനും ജീവപര്യന്തം തടവ് വിധിച്ചു. സുനില്‍ ജോഷി മരിച്ചെങ്കിലും അയാളും കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
അജ്മീര്‍ ദര്‍ഗയില്‍ ബോംബിന്റെ ടൈമര്‍ ആയി ഉപയോഗിച്ച സെല്‍ഫോണിന്റെ സിം വാങ്ങിയത് ഗുപ്തയാണെന്ന് എന്‍ഐഎ അന്വേഷണത്തില്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ജോഷിയും ഗുപ്തയുമാണ് സ്‌ഫോടനത്തിന് ആസൂത്രണം നടത്തിയത്. പട്ടേല്‍ ബോംബ് സ്ഥാപിച്ചു. 2007 ഒക്ടോബര്‍ 11നാണ് അജ്മീരിലെ ഖ്വാജ മുഈനുദ്ദീന്‍ ചിഷ്തി ദര്‍ഗയില്‍ സ്‌ഫോടനം നടന്നത്. ആര്‍എസ്എസുകാരനായ നാബാ കുമാര്‍ എന്ന അസീമാനന്ദയെയും മറ്റു ആറു പേരെയും കോടതി വെറുതെവിട്ടത് സംശയത്തിന്റെ ആനുകൂല്യം നല്‍കിയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന(എടിഎസ്) തീവ്ര ഹിന്ദുസംഘടനയുമായി ബന്ധപ്പെട്ട 12 പേര്‍ക്കെതിരേ യുഎപിഎ പ്രകാരം ഭീകര കുറ്റം ചുമത്തിയിരുന്നു. നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുറ്റപത്രത്തില്‍ പ്രതികളെ ഭീകര സംഘമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ത, സഹ സംഘടനയായ ഹിന്ദു ജാഗൃതി തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഇവര്‍. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായിരുന്നു ഇവരുടെ പദ്ധതികളെന്നും കുറ്റപത്രത്തില്‍ പറയുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകര്‍ക്കുന്നതിന് യൂവാക്കളുടെ ഒരു ഭീകര സംഘടനയ്ക്കു രൂപം നല്‍കുന്നതിന് പ്രതികള്‍ ഗൂഡാലോചന നടത്തിയിരുന്നതായും കുറ്റപത്രത്തിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സനാതന്‍ സന്‍സ്തയെ നിരോധിക്കാന്‍ എടിഎസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ അയച്ചിട്ടുണ്ട്. സമാനമായൊരു ശുപാര്‍ശ 2011ല്‍ യുപിഎ സര്‍ക്കാരിനും നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.