ഭോപാല്‍: ഹിന്ദു ഭീകരത എന്ന വാക്ക് താന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി ഉയര്‍ത്തിയ ആരോപണത്തിനെതിരേ സിങ് രംഗത്ത് വന്നത്. മലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രജ്ഞാസിങ് താക്കൂറിനെതിരെയാണ് ദിഗ് വിജയ് സിങ് മല്‍സരിക്കുന്നത്.
ഞാന്‍ ഹിന്ദു ഭീകരത എന്നു പറഞ്ഞിട്ടില്ല. ഞാന്‍ ഹിന്ദുക്കളെ ഭീകരവാദികളെന്ന് വിളിക്കുന്ന ഒരു ക്ലിപ്പെങ്കിലും കാണിക്കുക. എന്തിനാണ് ഞാന്‍ എന്നെ തന്നെ ഭീകരന്‍ എന്ന് വിളിക്കുന്നത്. ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ബിജെപിക്കാരേക്കാള്‍ ഞാന്‍ സനാതന ധര്‍മത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷെ ഞാന്‍ ഒരിക്കലും മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചിട്ടില്ല. ഓരോ പൗരനും അവരവരുടെ മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ട്. ഹിന്ദു ഭീകരത എന്ന വാചകം ഉപയോഗിച്ച ആര്‍കെ സിങിനെ (മുന്‍ ആഭ്യന്തര സെക്രട്ടറി), ബിജെപി ടിക്കറ്റില്‍ മല്‍സരിപ്പിക്കുകയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഹിന്ദു ഭീകരര്‍ എന്ന് വിളിക്കുന്നവരെ എതിര്‍ക്കാന്‍ ബിജെപിയില്‍ ആരെങ്കിലും തയാറാകുമെങ്കില്‍ ആര്‍കെ സിങിനെ ആദ്യം എതിര്‍ക്കണം- സിങ് പറഞ്ഞു.
മലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രജ്ഞാസിങ് താക്കൂര്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതിനെ തുടര്‍ന്നു ഏറെ വിവാദങ്ങളുയര്‍ന്ന മണ്ഡലമാണ് ഭോപാല്‍. 1989നു ശേഷം ബിജെപി മാത്രം ജയിച്ചുപോരുന്ന മണ്ഡലമാണ് ഭോപ്പാല്‍. അതേസമയം ദിഗ് വിജയ് സിങിന്റെ പ്രചാരണത്തിനായി അടുത്ത മാസം എട്ടിനും ഒമ്പതിനും കനയ്യ കുമാര്‍ ഭോപ്പാലില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്്. പ്രജ്ഞാ സിങ് താക്കൂറിനെ തോല്‍പ്പിക്കാന്‍ ഇടതു യുവ നേതാവിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.