കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കസ്റ്റഡിയില്‍
ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഡി കെ ശിവകുമാറും ആരോപിച്ചു.
ബംഗളൂരു: മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് പോലിസ് കസ്റ്റഡിയില്‍. ബംഗളൂരുവിലെ ഹോട്ടലില്‍ മധ്യപ്രദേശിലെ വിമത എംഎല്‍എമാരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്.
ഇന്ന് രാവിലെയാണ് ദിഗ്‌വിജയ് സിങ്ങ് ബംഗളൂരുവിലെത്തിയത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് 22 വിമത എംഎല്‍എമാര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് ദിഗ്‌വിജയ് സിങ് അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ പോയി. എന്നാല്‍ ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ അവരെ പോലിസ് അനുവദിച്ചില്ല. പോലിസ് പ്രവേശനം നിഷേധിച്ചതോടെ ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്ന ദിഗ് വിജയ് സിംഗിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയാണ് താന്‍. തന്റെ എംഎല്‍എമാരെ ഇവിടെ തടഞ്ഞു വെച്ചിരിക്കുകയാണ്. അവരോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. പോലിസ് എന്നെ അവരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഡി കെ ശിവകുമാറും ആരോപിച്ചു. അതേസമയം മധ്യപ്രദേശില്‍ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ എതിര്‍ കക്ഷി ഹാജരാകാത്ത സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.