ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പറയാനാവില്ല: ഡിപിഐ
പരീക്ഷകളും മൂല്യനിര്‍ണയവും ഓണ്‍ലൈനാക്കാന്‍ ശ്രമിക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈനായി ഇത് പൂര്‍ത്തിയാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഡിപിഐ പറയുന്നു.
തിരുവനന്തപുരം: ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകളും മൂല്യനിര്‍ണയവും പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു. അതേസമയം പരീക്ഷകളും മൂല്യനിര്‍ണയവും ഓണ്‍ലൈനാക്കാന്‍ ശ്രമിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈനായി ഇത് പൂര്‍ത്തിയാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നു.
എസ്എസ്എല്‍സി മാത്രം ഒന്‍പത് വിഷയങ്ങളിലായി നാല്‍പത് ലക്ഷം പേപ്പറുകളുണ്ട്. എഴുതിയ അധിക പേപ്പറുകള്‍ അടക്കം ഇത് കോടികള്‍ വരും. ഇതിത്രയും സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരിക ഏറെ പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗണില്‍ ഇളവ് ലഭിച്ചാല്‍ എങ്ങനെ പരീക്ഷകളും മൂല്യനിര്‍ണയവും നടത്താനാവുമെന്ന് സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ തീരുന്നതിനനുസരിച്ച് മാത്രം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശം.