കോട്ടയം: നാഗമ്പടത്ത് സ്‌കൂട്ടര്‍ യാത്രക്കാരി ടോറസ് ലോറി കയറി മരിച്ചു. ഇന്ന് രാവിലെ 9.30ന് കോട്ടയം നാഗമ്പടം പാലത്തിലായിരുന്നു ദാരുണസംഭവം. നട്ടാശ്ശേരി പുത്തേട്ട് വൈശാഖ് ഭവനില്‍ നിഷ (40) ആണ് മരിച്ചത്. ഭര്‍ത്താവ് പ്രകാശിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം നഗരത്തിലെ ഒരു ടെക്‌സറ്റൈല്‍സ് ഷോപ്പ് ജീവനക്കാരിയാണ് മരിച്ച നിഷ. ജോലിക്കായി രാവിലെ ഭര്‍ത്താവ് പ്രകാശിനൊപ്പം സ്‌കൂട്ടറില്‍ കോട്ടയത്തേക്ക് വരുമ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
പാലത്തിലേയ്ക്ക് കയറുന്നതിനിടെ ടോറസിനെ മറികടക്കുന്നതിനിടെ എതിരേ മറ്റൊരു വാഹനമെത്തിയപ്പോള്‍ നിയന്ത്രണംവിട്ട സ്‌കൂട്ടറില്‍നിന്ന് നിഷ താഴേക്ക് വീഴുകയായിരുന്നു. ടോറസിനടിയിലേക്കു വീണ നിഷയുടെ തലയിലൂടെയാണ് ടോറസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയത്. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും നാഗമ്പടം പാലത്തിലേക്കു കയറുന്ന ഇടത്താണ് അപകടം സംഭവിച്ചത്. യുവതിയെ തിരിച്ചറിയാനാവാത്ത വിധം ശരീരം ചിന്നഭിന്നമായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡില്‍ വീണുകിടന്ന പ്രകാശ് കണ്ടത് ഭാര്യയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുന്നതാണ്.
നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പോലിസും ഫയര്‍ഫോഴ്‌സും അപകടസ്ഥലത്തെത്തി. അപകടത്തെത്തുടര്‍ന്ന് ടോറസ് ലോറി റോഡിനു നടുവില്‍ നിര്‍ത്തിയിട്ടതോടെ മണിക്കൂറുകള്‍ എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് പോലിസിന്റെ നേതൃത്വത്തില്‍ ടോറസ് റോഡില്‍നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് പ്രകാശ് ആയുര്‍വേദ ചികില്‍സകനാണ്. മക്കള്‍: അംഷ പ്രകാശ്, അംഷിത് പ്രകാശ്.