സിഎഎ നടപ്പാക്കാനുള്ള ശ്രമം ജനകീയമായി ചെറുക്കുമെന്ന് എസ്ഡിപിഐ; ചെറുത്തുനില്‍പ് പ്രഖ്യാപനം ഇന്ന്
കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായാല്‍ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ പ്രസ്താവന രാജ്യത്ത് വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
തിരുവനന്തപുരം: രാജ്യത്ത് സിഎഎ നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമം ജനകീയമായി ചെറുക്കുമെന്നും ചെറുത്തുനില്‍പ്പു പ്രഖ്യാപനം ഇന്ന് സംസ്ഥാനത്ത് നടക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമായാല്‍ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ പ്രസ്താവന രാജ്യത്ത് വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി നേട്ടംകൊയ്യാനാണ് ഇപ്പോള്‍ ഈ അജണ്ട വീണ്ടും ചര്‍ച്ചയാക്കുന്നത്. കൊവിഡ് രോഗവ്യാപനത്തില്‍ രാജ്യത്തിന്റെ സര്‍വമേഖലകളും നിശ്ചലമായി ദാരിദ്ര്യവും പട്ടിണിയും വ്യാപിക്കുകയാണ്. ഭീതിതമായ ഈ സാഹചര്യത്തിലും മതവിദ്വേഷവും വംശീയ വിദ്വേഷവും പ്രചരിപ്പിക്കാനും ജനങ്ങളെ ജാതീയമായി വേര്‍തിരിച്ച് അടിച്ചമര്‍ത്താനുമാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിനും ദേശവിരുദ്ധ ഫാഷിസ്റ്റ് അതിക്രമകാരികളില്‍ നിന്നു രാജ്യത്തെ രക്ഷിക്കാനും മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാനും നമുക്ക് ബാധ്യതയുണ്ട്. കൊവിഡ് മൂലം നിര്‍ത്തിവെച്ച പൗരത്വനിഷേധ നിയമം രാജ്യത്ത് നടപ്പാക്കാനാണ് ഭാവമെങ്കില്‍ രോഗവ്യാപന ഭീതി മൂലം നിര്‍ത്തിവെച്ച സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം പൂര്‍വാധികം ശക്തമായി പുനരാരംഭിക്കുമെന്നും മജീദ് ഫൈസി മുന്നറിയിപ്പു നല്‍കി.