രണ്ടാം കുട്ടനാട് പാക്കേജിന് 2447 കോടി രൂപ: മുഖ്യമന്ത്രി പിണറായി വിജയന്‍
കുട്ടനാട് ബ്രാന്‍ഡ് അരി ഉല്‍പ്പാദിപ്പിക്കുന്നതിന് ആലപ്പുഴയില്‍ റൈസ് പാര്‍ക്ക്.കുട്ടനാടന്‍ മേഖലയ്ക്കുള്ള കാര്‍ഷിക കലണ്ടര്‍.താറാവ്കൃഷി ഗവേഷണസ്ഥാപനം വെറ്റിനറി സര്‍വകലാശാല മുഖാന്തിരം സ്ഥാപിക്കും തോട്ടപ്പള്ളി സ്പില്‍വേയിലേക്കുള്ള ലീഡിങ് ചാനലിന്റെ വീതിയും ആഴവും വര്‍ധിപ്പിക്കും.നെടുമുടി-കുപ്പപ്പുറം റോഡ്, മങ്കൊമ്പ് എസി റോഡ് മുതലുള്ള ചമ്പക്കുളം ഗവണ്മെന്റ്.ഹോസ്പിറ്റല്‍ റോഡ്, മുട്ടൂര്‍ സെന്‍ട്രല്‍ റോഡ് എന്നിവയുടെ പണി വരുന്ന നാലു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.കെ എസ് ഇ ബിയുടെ മൂന്ന് സബ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കും.
ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള രണ്ടാം കുട്ടനാട് പാക്കേജ് കുട്ടനാടിന്റെ സമഗ്ര വികനസത്തിനുവേണ്ടി 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാന ആസൂത്രണ ബോര്‍ഡും കിഫ്ബിയും ബന്ധപ്പെട്ട വകുപ്പുകളും റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവും ഏകോപിച്ച് നടപ്പാക്കുന്ന കുട്ടനാടിന്റെ രണ്ടാം പാക്കേജ് സമഗ്രപദ്ധതികളുടെ പ്രഖ്യാപനം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രളയാന്തര കുട്ടനാടിനെ പുനരുജ്ജീവിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് പദ്ധതിക്കുള്ളതെന്നും വിവിധ വകുപ്പുകളില്‍ കൂടി 2447 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് കുട്ടനാടിന്റെ കാര്യത്തില്‍ കാര്യക്ഷമമായ ചില ഇടപെടലുകള്‍ നടന്നത്. 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ അതിന്റെ ഭാഗമായി 1013.35 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാല്‍, അതുകൊണ്ടുമാത്രം കുട്ടനാടിന്റെ സമഗ്ര വികസനം സാധ്യമാകില്ലയെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് സമഗ്രമായ രണ്ടാം പാക്കേജ് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. കുട്ടനാട്ടെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയും കര്‍ഷകവരുമാനത്തിന്റെ തോതും വര്‍ധിപ്പിക്കുക, വേമ്പനാട് കായല്‍വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങള്‍ താങ്ങാന്‍ കഴിയുന്ന സ്ഥിതിയിലാക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്.
ബൃഹത്തായ ഈ പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില പദ്ധതികള്‍ക്കു വരുന്ന 100 ദിവസത്തിനുള്ളില്‍ തന്നെ ഫലം കണ്ടുതുടങ്ങും. ഒപ്പം പല പുതിയ പദ്ധതികള്‍ക്കും ഇക്കാലയളവില്‍ തുടക്കമാവുകയും ചെയ്യും.കുട്ടനാടിന്റെ കാര്‍ഷികമേഖലയിലും അവിടുത്തെ ജനജീവിതത്തിലും സമഗ്രമായ ഇടപടെലാകും ഇതുവഴി ഉണ്ടാകുക. കുട്ടനാടിനെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിക്കുക, കുട്ടനാട്ടില്‍ പ്രത്യേക കാര്‍ഷിക കലണ്ടര്‍ നിര്‍ബന്ധമാക്കുക, കൃത്യസമയത്തു നല്ലയിനം വിത്തുകള്‍ വിതരണംചെയ്യുക, ആവശ്യമായ വിത്തിനങ്ങള്‍ അവിടെത്തന്നെ ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പെട്ടിയും പറയും മാറ്റി പുതിയ സബ്‌മേഴ്‌സിബിള്‍ പമ്പ് വിതരണം ചെയ്യുക എന്നീ പ്രവൃത്തികളാണ് പ്രധാനമായും ഈ പാക്കേജിലൂടെ വിഭാവനം ചെയ്തത്. ഇവയില്‍ ചില പ്രവൃത്തികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
കുട്ടനാടന്‍ മേഖലയ്ക്കുള്ള കാര്‍ഷിക കലണ്ടര്‍ അന്താരാഷ്ട്ര കായല്‍ ഗവേഷണ കേന്ദ്രം തയ്യാറാക്കി കഴിഞ്ഞു. സബ്‌മേഴ്‌സിബിള്‍ പമ്പ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൃഷി വകുപ്പ് ആരംഭിച്ചു. ഹ്രസ്വകാല നെല്ലിനമായ 'ഉമ വിത്ത്' വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്നുവരുന്നുണ്ട്. കുട്ടനാട് അരി എന്ന ബ്രാന്റ് ഉല്‍പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആലപ്പുഴയില്‍ ഒരു സംയോജിത റൈസ് പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടികള്‍ സെപ്റ്റംബര്‍ 30നകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മൃഗസംരക്ഷണ മേഖലയില്‍ നൂതനങ്ങളായ ചില നിര്‍ദ്ദേശങ്ങള്‍ പാക്കേജിന്റെ ഭാഗമായുണ്ട്. ഉയര്‍ന്നപ്രതലത്തില്‍ കന്നുകാലി ഷെഡ്ഡുകള്‍ എല്ലാപഞ്ചായത്തിലും നിര്‍മിക്കുക, താറാവ് കൃഷി പ്രോല്‍സാഹിപ്പിക്കുക, ഇവയ്ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, താറാവ്കൃഷി ഗവേഷണസ്ഥാപനം വെറ്റിനറി സര്‍വകലാശാല മുഖാന്തിരം സ്ഥാപിക്കുക തുടങ്ങിയവയാണവയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉള്‍നാടന്‍ മല്‍സ്യബന്ധനം വ്യാപിപ്പിക്കുക, മത്സ്യസംരക്ഷണ ഇടങ്ങള്‍, മത്സ്യ വിത്തുല്‍പാദനകേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുക, കൃഷി, മൃഗസംരക്ഷണം, മത്സ്യവികസനം എന്നിവയുടെ സംയോജിത കൃഷിരീതികള്‍ അവലംബിക്കുക, മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ സ്വയംസഹായ സംഘങ്ങള്‍ വ്യാപിപ്പിക്കുക തുടങ്ങിയവയും പാക്കേജിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായി സംയോജിത കൃഷി രീതിയിലൂടെ 13,632 ഹെക്ടര്‍ പ്രദേശത്ത് 'ഒരു നെല്‍ ഒരു മീന്‍' പദ്ധതി വരുന്ന സീസണില്‍ നടപ്പിലാക്കും. മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ സ്വയംസഹായ സംഘങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 89 സ്വയംസഹായ സംഘങ്ങള്‍ക്ക് 1.79 കോടി രൂപ വായ്പയായി നല്‍കും.
കുളവാഴ നിര്‍മാര്‍ജനത്തിനായി 20 ലക്ഷം ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലസേചനമേഖലയില്‍ 'നദിയ്‌ക്കൊരിടം' എന്ന ആശയം നടപ്പിലാക്കും. തോട്ടപ്പള്ളി സ്പില്‍വേയിലേക്കുള്ള ലീഡിങ് ചാനലിന്റെ വീതിയോ ആഴമോ വര്‍ധിപ്പിക്കുക, പമ്പയില്‍ മൂന്നു പ്രളയ റെഗുലേറ്ററുകള്‍ സ്ഥാപിക്കുക, എ സി കനാല്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കുക, വേമ്പനാട് കായലിന്റെ അതിര്‍ത്തികള്‍ അളന്നുതിട്ടപ്പെടുത്തി കയ്യേറ്റങ്ങളില്‍ നിന്ന് സംരക്ഷിക്കുക, ജലപാതകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി കനാലുകള്‍ വൃത്തിയാക്കി ആഴം വര്‍ധിപ്പിക്കുക, പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മാണത്തിനു 'കംപാര്‍ട്ട്‌മെന്റലൈസേഷന്‍' നടപ്പിലാക്കുക തുടങ്ങിയവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ഉത്തരവാദിത്വ ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, ഹൗസ് ബോട്ടകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവേണിങ് ബോഡി രൂപവത്ക്കരിക്കുക, പാതിരാമണല്‍ ദ്വീപ് സംരക്ഷിക്കുക എന്നിവയ്‌ക്കൊപ്പം മാതൃകാ ഉത്തരവാദിത്വ ടൂറിസം വില്ലേജായി അയ്മനത്തെ പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 1.50 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നെടുമുടി-കുപ്പപ്പുറം റോഡ്, 3.50 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മങ്കൊമ്പ് എസി റോഡ് മുതലുള്ള ചമ്പക്കുളം ഗവണ്മെന്റ് ഹോസ്പിറ്റല്‍ റോഡ്, 3.30 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മുട്ടൂര്‍ സെന്‍ട്രല്‍ റോഡ് എന്നിവയുടെ പണി വരുന്ന നാലു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
നിങ്ങള്‍ക്കറിയാവുന്നതുപോലെ, തോട്ടപ്പള്ളിയില്‍ സമുദ്രമുഖത്തുള്ള വീതിയില്ലായ്മയും സ്പില്‍വേ മുതല്‍ ബീച്ച് വരെയുള്ള പ്രദേശത്ത് അടിഞ്ഞുകൂടിയ മണലും എക്കലുമാണ് കുട്ടനാടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതിന്റെ മുഖ്യ കാരണങ്ങള്‍. ഇത് പരിഹരിക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റിയും ഇവിടെ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്തുമാണ് ഇത് സാധ്യമാക്കിയത്. ഒപ്പം സ്പില്‍വേ മുതല്‍ ബീച്ച് വരെയുള്ള വീതി 50 മീറ്ററില്‍ നിന്നും 360 മീറ്ററാക്കി വര്‍ധിപ്പിച്ചിട്ടുമുണ്ട്. അതിന്റെയൊക്കെ ഫലമായാണ് ഇക്കഴിഞ്ഞ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ ശക്തമായി കടലിലേക്ക് ഒഴുകിപ്പോയത്. രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ മൂന്ന് സബ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് വഴി നടപ്പാക്കുന്ന ഈ പദ്ധതിയില്‍ മൂന്ന് ഘടകങ്ങളുണ്ട്. കുട്ടനാട്ടില്‍ നിലവിലുള്ള 66 കെവി സബ്‌സ്റ്റേഷന്‍ 110 കെവിയായി ഉയര്‍ത്തുക, കാവാലത്ത് പുതിയ 110 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുക, കിടങ്ങരയില്‍ പുതിയ 33 കെവി സബ്‌സ്റ്റേഷന്‍ എന്നിവയാണവ. ഇതുവഴി കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് തടസ്സരഹിതമായി വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകും. ഒപ്പം നെല്‍പ്പാടങ്ങളില്‍ നിന്നും വെള്ളം പമ്പുചെയ്ത് മാറ്റാനും ഇത് സഹായകമാകും.
110 കെ വി ലൈന്‍ നിര്‍മാണത്തിന് കാവാലത്ത് ഭൂമി കണ്ടെത്തിക്കഴിഞ്ഞു. 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. 33 കെ വി സബ്‌സ്റ്റേഷന്റെ നിര്‍മാണത്തിനായി കിടങ്ങറയില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 66 കെ വി സബ്‌സ്റ്റേഷന്റെ അപ്ഗ്രഡേഷനും പൂപ്പള്ളി-കുട്ടനാട് ലൈന്‍ 110 കെ വി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഇതിന്റെയും പണി പൂര്‍ത്തിയാക്കും.
കിഫ്ബി പദ്ധതിയായ 291 കോടി രൂപയുടെ വാട്ടര്‍ ട്രീറ്റ്‌മെന്റ്് പ്ലാന്റിന്റെ വികസനം സത്വരമായി നടപ്പാക്കും. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായകമാകും. ഇതിനാവശ്യമായ 1.65 ഏക്കര്‍ ഭൂമി തലവടി, കുന്നുമ്മ, വെളിയനാട് വില്ലേജുകളില്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍, തരംമാറ്റല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി പദ്ധതി സമയബന്ധിതമായി നടപ്പാക്കും.ഇത്തരത്തില്‍ ഈ പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്കുള്ള പരിഹാര നിര്‍ദ്ദേശവുമായാണ് രണ്ടാം കുട്ടനാട് പാക്കജ് പ്രഖ്യാപിക്കുന്നത്. കാലങ്ങളായി ഇവിടുത്തെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പലവിധ പ്രശ്‌നങ്ങള്‍ക്കും ഇതുവഴി പരിഹാരം കാണാനാകും എന്നുതന്നെയാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, വനം-വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, തദ്ദേശഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മത്സ്യ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജില്ലയിലെ എംപിമാര്‍, എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി വേണു, ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍, കുട്ടനാട്ടിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുുമാര്‍ പങ്കെടുത്തു.