എംജി സര്‍വകലാശാലയില്‍ ലൈംഗികാതിക്രമം നേരിട്ടതായി ദലിത് ഗവേഷക ദീപാ പി മോഹനന്‍

നാനോ സെന്റര്‍ വിഭാഗം മേധാവിയെ പുറത്താക്കുന്നതുവരെ സമരം തുടരും. ഡോ.നന്ദകുമാര്‍ കളരിക്കലിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവുള്ളതായി അറിയില്ല. സസ്‌പെന്റ് ചെയ്ത നന്ദകുമാറിനെ തിരിച്ചെടുത്ത സര്‍വകലാശാലാ നടപടി ശരിയല്ലെന്നും ദീപ വ്യക്തമാക്കി.

Update: 2021-11-03 10:37 GMT

കോട്ടയം: എംജി സര്‍വകലാശാലയില്‍ ലൈംഗികാതിക്രമം നേരിട്ടതായി ദലിത് ഗവേഷക വിദ്യാര്‍ഥി ദീപാ പി മോഹനന്‍. സെന്ററിലെ ഒരു ഗവേഷകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാന്‍സിലര്‍ സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍, ആരോപണവിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സാബു തോമസ് സ്വീകരിച്ചത്. മറ്റൊരു ജീവനക്കാരന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായെന്നും ഭയന്നതുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്നും ദീപാ പി മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നാനോ സെന്റര്‍ വിഭാഗം മേധാവിയെ പുറത്താക്കുന്നതുവരെ സമരം തുടരും. ഡോ.നന്ദകുമാര്‍ കളരിക്കലിനെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവുള്ളതായി അറിയില്ല. സസ്‌പെന്റ് ചെയ്ത നന്ദകുമാറിനെ തിരിച്ചെടുത്ത സര്‍വകലാശാലാ നടപടി ശരിയല്ലെന്നും ദീപ വ്യക്തമാക്കി. സര്‍വകലാശാല വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതായി ദീപ ഫേസ്ബുക്കില്‍ വ്യക്തമാക്കി. തന്റെ പ്രധാന ആവശ്യം നന്ദകുമാര്‍ കളരിക്കലിനെ റിസര്‍ച്ച് സെന്ററായ ഇന്റര്‍നാഷനല്‍ ആന്റ് ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ഫോര്‍ നാനോടെക്‌നോളജിയി (IIUCNN) ല്‍നിന്ന് മാറ്റുക എന്നതായിരുന്നു.

എന്നാല്‍, നന്ദകുമാര്‍ കളരിക്കലിനെ നിലനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന പച്ചക്കള്ളമാണ് വൈസ് ചാന്‍സിലര്‍ സാബു തോമസ് പറഞ്ഞത്. അങ്ങനെ ഒരു ഉത്തരവില്ല. ഉത്തരവ് പുറത്തുവിടാന്‍ സര്‍വകലാശാല തയ്യാറാവണം. എന്തൊക്കെ സൗകര്യങ്ങള്‍ ലഭിച്ചാലും നന്ദകുമാര്‍ സെന്ററില്‍ തുടര്‍ന്നാല്‍ തനിക്ക് ഗവേഷണം ചെയ്യാന്‍ സാധിക്കില്ല എന്നതാണ് മുന്‍ അനുഭവങ്ങള്‍. അദ്ദേഹത്തിനെതിരേ എസ് സി-എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കേസ് വന്നതിന് ശേഷം കൂടുതല്‍ പ്രതികാരമാണ് തന്നോട് കാണിച്ചിട്ടുള്ളത്. തന്നെ സെന്ററില്‍ നിന്ന് പുറത്താക്കാന്‍ നിരവധി തവണ സര്‍വകലാശാലയ്ക്ക് കത്ത് കൊടുത്തിട്ടുണ്ട്.

കൂടാതെ ഹൈക്കോടതി, പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ഉത്തരവുകള്‍ നടപ്പാക്കാത്തതിന്റെ പ്രധാന കാരണവും സെന്ററിലുള്ള നന്ദകുമാറിന്റെ സാനിധ്യമാണ്. അവിടുത്തെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് നന്ദകുമാറാണ്. നന്ദകുമാറിനെതിരേ കോട്ടയം സെഷന്‍സ് കോടതിയില്‍ കേസ് നടക്കുന്നുണ്ട്. സാബു തോമസ് വീണ്ടും നന്ദകുമാറിനെ നിയമവിരുദ്ധമായി സംരക്ഷിക്കുകയാണെന്നും ദീപാ മോഹന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നന്ദകുമാറിനെ പുറത്താക്കില്ലെന്ന് വി സി സാബു തോമസ് ആവര്‍ത്തിച്ചു. നന്ദകുമാറിനെതിരായ ആരോപണങ്ങള്‍ കോടതി തള്ളിക്കളഞ്ഞതാണ്. ദീപയുടെ ഗവേഷണത്തില്‍ ഒരുതരത്തിലും നന്ദകുമാര്‍ ഇടപെടില്ല. ഗവേഷണം പൂര്‍ത്തിയാക്കാന്‍ ദീപയ്ക്ക് പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്നും സാബു തോമസ് പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി സര്‍വകലാശാലയില്‍ ജാതീയമായ അധിക്ഷേപം നേരിടുകയാണെന്നാണ് ദീപാ മോഹന്റെ പരാതി. 2014 ല്‍ ഗവേഷണം ആരംഭിച്ച നാളിതുവരെ ഗവേഷണം പൂര്‍ത്തിയാക്കാനായിട്ടില്ല. ഇരിപ്പിടം നിഷേധിച്ചും ലാബില്‍ പൂട്ടിയിട്ടും ലാബില്‍നിന്ന് ഇറക്കിവിട്ടും നന്ദകുമാര്‍ കളരിക്കല്‍ എന്ന സര്‍വകലാശാല അധ്യാപകന്‍ അതിക്രൂരമായാണ് പെരുമാറിയതെന്ന് ദീപ പറയുന്നു.

ദീപ പി മോഹന്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതിയിന്മേല്‍ രണ്ടംഗ സിന്‍ഡിക്കേറ്റ് നടത്തിയ അന്വേഷണത്തില്‍ നന്ദകുമാര്‍ കളരിക്കലിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും എസ്‌സി/എസ്ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കാന്‍ പോലിസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ട എല്ലാവിധ സാഹചര്യങ്ങളും ലഭ്യമാക്കണമെന്ന് ദീപയുടെ ഹരജിയില്‍ കോടതി വിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നാളിതുവരെ സര്‍വകലാശാല വിസിയുള്‍പ്പെടെയുള്ളവര്‍ ഈ ഉത്തരവുകളും നിര്‍ദേശങ്ങളും അവഗണിച്ച് നീതിരഹിതമായി പെരുമാറുകയായിരുന്നുവെന്നാണ് ദീപ പറയുന്നത്.

Tags:    

Similar News