നസീമിനെ പോലിസിലെടുത്ത് നെടുങ്കണ്ടം സ്റ്റേഷനിൽ നിയമിക്കണം; സർക്കാരിനെ പരിഹസിച്ച് പി സി വിഷ്ണുനാഥ്
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പി.എസ്.സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാരാണെന്നു വെളിപ്പെട്ടിരുന്നു. കണ്ണൂർ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പോലിസ് കോണ്‍സ്റ്റബിൾ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികൾ കൂട്ടത്തോടെ ഇടംപിടിച്ചത്.
തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ പ്രതികളായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ സംഭവത്തിൽ സർക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി സി വിഷ്ണുനാഥ്. കോളജിലെ ബിരുദ വിദ്യാർഥിയായ അഖിലിനെ കുത്തിയ നസീമിനെ സർക്കാർ എത്രയും വേഗം പോലിസിൽ എടുക്കണമെന്നും നെടുങ്കണ്ടം പോലിസ് സ്റ്റേഷനിൽ തന്നെ നിയമിക്കണമെന്നും ഫേസ് ബുക്ക് പേജിലൂടെ വിഷ്ണുനാഥ് പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്: സഖാവ് അഖിലിനെ കുത്തിയ എസ്എഫ്ഐ നേതാവ്- യൂണിറ്റ് പ്രസിഡന്റ് എ എൻ നസീം പോലിസ് നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. സർക്കാർ എത്രയും വേഗം അദ്ദേഹത്തിന് പോലിസിൽ നിയമനം നൽകി കഴിയുമെങ്കിൽ നെടുങ്കണ്ടം പോലിസ് സ്റ്റേഷനിൽ തന്നെ നിയമിക്കാനുള്ള നടപടി സ്വീകരിക്കണം.
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പി.എസ്.സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാരാണെന്നു വെളിപ്പെട്ടിരുന്നു. കണ്ണൂർ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പോലിസ് കോണ്‍സ്റ്റബിൾ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികൾ കൂട്ടത്തോടെ ഇടംപിടിച്ചത്.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്താണ് റാങ്ക് പട്ടികയിലെ ഒന്നാമൻ. കേസിലെ രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ എ എൻ നസീം പട്ടികയിലെ 28-ാം റാങ്കുകാരനാണ്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പി പി പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്. ഈ വിഷയത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.