എസ്എഫ്ഐ നേതാക്കൾ ഒളിവിൽ; ലക്ഷ്യമിട്ടത് അഖിലിനെ കൊലപ്പെടുത്താൻ, മൊഴി ഇന്ന് രേഖപ്പെടുത്തും

കുത്തിക്കൊല്ലുമെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതികൾ അഖിലിനെ ഓടിച്ചിട്ട് കുത്തിയത്. ശിവരഞ്ജിതാണ് അഖിലിന്റെ നെഞ്ചിലേക്ക് കത്തിയിറക്കിയതെന്നും കൃത്യമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നു.

Update: 2019-07-13 05:26 GMT

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഒളിവിൽ. എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറി നസീം, പ്രസിഡന്റ് ശിവരഞ്ജിത് എന്നിവരുൾപ്പെടെയുള്ള പ്രതികളാണ് സംഭവത്തിന് പിന്നാലെ ഒളിവിൽപോയത്.

കുത്തേറ്റ് മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന അഖിലിന്റെ മൊഴി ഇന്ന് പോലിസ് രേഖപ്പെടുത്തും. അഖിലിനെ കുത്തിക്കൊല്ലാനാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കുത്തിക്കൊല്ലുമെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതികൾ അഖിലിനെ ഓടിച്ചിട്ട് കുത്തിയത്. ശിവരഞ്ജിതാണ് അഖിലിന്റെ നെഞ്ചിലേക്ക് കത്തിയിറക്കിയതെന്നും കൃത്യമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നു.  

കോളജിലെ യൂനിറ്റ് ഭാരവാഹികൾ അടക്കം ആറുപേർക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്. യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം എന്നിവർ ഉൾപ്പെടെ 13 പേർക്കെതിരേ 300-ഓളം വിദ്യാർഥികൾ പ്രിൻസിപ്പലിനു പരാതിയും നൽകിയിട്ടുണ്ട്. അക്രമികൾക്ക് നേതൃത്വം നൽകിയ നസീം ഉൾപ്പെടെയുള്ളവരുടെ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അതേസമയം, അഖിലിനെ കുത്തിയ സംഘത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ നേതാവ് നസീം പോലിസ് സേനയിലേക്ക് പോസ്റ്റിങ്ങ് പ്രതീക്ഷിച്ചിരിക്കുന്നയാളാണ്. ഇയാൾക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിൽ 28ാം റാങ്കുണ്ട്. മുമ്പ് പോലിസുകാരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. പാളയത്ത് സിഗ്നൽ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാൾ പോലിസുകാരെ പൊതുനിരത്തിൽ വളഞ്ഞിട്ട് തല്ലിയത്. അക്രമം നടന്നതിന് തൊട്ടുപിന്നാലെ കൺട്രോൾ റൂമിൽനിന്ന് പോലിസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാൻ പോലിസ് തയ്യാറായത്.


തുടർന്ന് കേസിൽനിന്ന് ഒഴിവാക്കാനും വൻ സമ്മർദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു അന്നത്തെ പോലിസ് ഭാഷ്യം. എന്നാൽ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളജിലും എസ്എഫ്ഐ ഓഫീസിലും ഇയാൾ എത്താറുണ്ടായിരുന്നു. മന്ത്രി എ കെ ബാലൻ പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് അറസ്റ്റുചെയ്യാൻ പോലിസ് തയ്യാറായത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്സിറ്റി കോളജിൽ സജീവമായത്. ഉദ്യോഗാർഥിയുടെ ക്രിമിനൽ പശ്ചാത്തലം നോക്കാതെ പി.എസ്.സി റാങ്കുപട്ടികയിൽ സിപിഎം സ്വാധീനം ഉപയോഗിച്ച് തിരുകി കയറ്റിയതാണെന്ന് നേരത്തെ ഇയാൾക്കെതിരേ ആരോപണമുണ്ട്.

കഴിഞ്ഞദിവസമാണ് എസ്എഫ്ഐ നേതാക്കൾ ചേർന്ന് മൂന്നാംവർഷ ബിരുദ വിദ്യാർഥിയായ അഖിലിനെ കാംപസിനകത്ത് കുത്തിവീഴ്ത്തിയത്. നെഞ്ചിൽ സാരമായി പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. എസ്എഫ്ഐയുടെ ഏകാധിപത്യത്തിലും ആക്രമണത്തിലും പ്രതിഷേധിച്ച് വിദ്യാർഥികൾ ഒന്നടങ്കം തെരുവിലിറങ്ങിയിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ പ്രവർത്തനങ്ങൾക്കെതിരേ വിദ്യാർഥികളിൽ ഒരുവിഭാഗം പ്രതികരിച്ചിരുന്നു. കാംപസിലിരുന്ന് ഒരുസംഘം വിദ്യാർഥികൾ പാട്ടുപാടിയതാണ് സംഘർഷത്തിനു തുടക്കമിട്ടത്. ഇത് വിമത കൂട്ടായ്മയാണെന്നാരോപിച്ച് നേതാക്കൾ ഇവരെ പിരിച്ചുവിടാൻ ശ്രമിച്ചു. അറബിക് വിഭാഗത്തിലെ ഉമൈർ എന്ന വിദ്യാർഥിക്കാണ് ആദ്യം മർദനമേറ്റത്. ഇതു തടയാൻ ശ്രമിച്ച അഖിലിനെ വളഞ്ഞിട്ടു തല്ലി. കോളജ് യൂനിറ്റ് കമ്മിറ്റി ഓഫീസിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു. ഇതിനിടെയാണ് കുത്തിയത്.

നേതാക്കൾക്കെതിരേയുള്ള പ്രതിഷേധത്തിൽ പെൺകുട്ടികൾ അടക്കമുള്ളവർ പങ്കുചേർന്നു. സെക്രട്ടേറിയറ്റിനു മുന്നിലേക്കു പ്രകടനം നടത്തിയ വിദ്യാർഥികൾ തിരിച്ച് യൂനിവേഴ്സിറ്റി കോളജിനു മുന്നിലെത്തി കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്നാണ് വ്യക്തിപരമായ തർക്കമാണെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് തിരുത്തി യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുകയെന്ന അസാധാരണ നടപടിയിലേക്ക് അഖിലേന്ത്യാ നേതൃത്വം എത്തിയത്. 

Tags:    

Similar News