മഹാരാജാസില്‍ വീണ്ടും എസ്എഫ്‌ഐ അക്രമം; നേതൃത്വം നല്‍കിയത് അഭിമന്യൂവിനൊപ്പം പരിക്കേറ്റ അര്‍ജുന്‍, വീഡിയോ പുറത്തുവിട്ട് കെഎസ്‌യു
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കെഎസ്‌യു മഹാരാജാസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പുറത്തുവിട്ടു
എറണാകുളം: മഹാരാജാസ് കോളജില്‍ വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനു നേതൃത്വം നല്‍കിയത്, നേരത്തേ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പം പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജ്ജുന്‍. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കെഎസ്‌യു മഹാരാജാസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പുറത്തുവിട്ടു. കഞ്ചാവ് വലിക്കുന്നവരെന്നും മറ്റും പറഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനെതിരേ പ്രതിഷേധിച്ചവരെയാണ് ആക്രമിച്ചത്. എസ്എഫ്‌ഐയും സദാചാര ഗുണ്ടായിസം അവസാനിപ്പിക്കുകയെന്നാണ് കെഎസ്‌യു ആവശ്യം. എന്നാല്‍ പ്രതിഷേധിക്കാനൊരുങ്ങിയവരെ അര്‍ജ്ജുന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു.
ചുവരെഴുതുകയായിരുന്ന കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ഒരുകൂട്ടം എസ്എഫ്‌ഐ-സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് അഭിമന്യൂവിനു കുത്തേറ്റത്. അന്ന് അര്‍ജ്ജുനിനും പരിക്കേറ്റിരുന്നു. എന്നാല്‍, പരിക്ക് ഭേദമായിട്ടും മാധ്യമങ്ങള്‍ക്കു മുന്നില്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനോ, അന്ന് സംഭവിച്ചതിന്റെ യാഥാര്‍ഥ്യം പുറത്തുപറയാനോ അര്‍ജുന്‍ തയ്യാറാവാത്തത് ഏറെ ദുരൂഹതകള്‍ ഉയര്‍ത്തിയിരുന്നു. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ഇതിനിടെയുണ്ടായ പ്രത്യാക്രമണത്തിലാണ് അഭിമന്യൂവിനും അര്‍ജുനനും പരിക്കേറ്റതെന്നും വ്യക്തമായിരുന്നു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ഇതുവരെ പുറത്തുവിടാത്തതും ദുരൂഹതയുയര്‍ത്തിയിരുന്നു. അതിനിടെയാണ്, വീണ്ടും അര്‍ജ്ജുന്‍ തന്നെ ആക്രമണത്തിനു നേതൃത്വം നല്‍കുന്ന വീഡിയോ ദൃശ്യങ്ങള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
#അര്‍ജുന്‍... നിന്റെയും അഭിമന്യുവിന്റെയും നേരെ കാംപസ് പ്രണ്ട് നടത്തിയതും ഇന്ന് മഹാരാജാസിലെ കെഎസ്‌യുക്കാര്‍ക്ക് നേരെ നീ നടത്തിയതിന്റെയും പേര് ഒന്നുതന്നെയാണ്-അക്രമം, ഗുണ്ടായിസം. കാംപസ് ഫ്രണ്ടുകാര്‍ അക്രമിക്കപ്പെട്ടപ്പോള്‍ തിരിച്ചെത്തിയത് കത്തിയുമായാണ്. ഞങ്ങളുടെ പ്രത്യയശാസ്ത്രം അത് പഠിപ്പിക്കാത്തത് കൊണ്ട് നാളെയും ഞങ്ങള്‍ ഗാന്ധിസം തന്നെ പറയും. ചങ്കില്‍ കത്തികയറിയപ്പോള്‍ നിന്റെ അമ്മ ഒഴുക്കിയ കണ്ണുനീര്‍ നീ മറക്കരുത്. നീ ഇപ്പോള്‍ തല്ലുന്നവനും വേണ്ടി കരയാന്‍ ഒരു അമ്മയുണ്ട്..,
# അക്രമവും വര്‍ഗീയതയും തുലയട്ടെ
# ഫാഷിസം തുലയട്ടെ,
എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും അര്‍ജുനനെ അറിയുന്നവരും ഇത് അര്‍ജുന്‍ തന്നെയാണെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്.