തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളില്‍ നാളെ സുപ്രിംകോടതി വിധി പറയാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്റ്. ശബരിമല യുവതീ പ്രവേശനത്തെ ശക്തമായി അനുകൂലിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനു താല്‍പര്യമുള്ള എന്‍ വാസുവാണ് പുതിയ പ്രസിഡന്റ്. വ്യാഴാഴ്ച അദ്ദേഹം സ്ഥാനമേല്‍ക്കും. സിപിഐ പ്രതിനിധിയായി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. കെ എസ് രവിയും ബോര്‍ഡിലെത്തും. എന്‍ എസ് എസ് നിരന്തരം സര്‍ക്കാര്‍ വിരുദ്ധനിലപാടുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഏറെക്കാലമായി മുന്നാക്ക വിഭാഗം കൈയാളിയിരുന്ന പ്രസിഡന്റ് പദവിയില്‍ പുതിയ സമുദായ സമവാക്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് എ പദ്കുമാറിന്റെയും ബോര്‍ഡംഗം കെ പി ശങ്കരദാസിന്റെയും കാലാവധി നാളെ അവസാനിക്കും.
യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടുകളോട് പലപ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന പദ്മകുമാര്‍ കോടതിവിധി വരുന്ന ദിവസം തന്നെ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു വിരമിക്കുകയാണ്. കോടതിവിധി എന്തായാലും അത് നടപ്പാക്കാനുള്ള ബാധ്യത പുതിയ പ്രസിഡന്റിനും സര്‍ക്കാരിനുമാവും. യുവതീ പ്രവേശനം വേണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ് മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കൂടിയായ എന്‍ വാസു. ഇദ്ദേഹം ചാനല്‍ ചര്‍ച്ചകളിലും മറ്റും സര്‍ക്കാരിനും പണറായിക്കും വേണ്ടി ശക്തമായി വാദിച്ചിച്ചിരുന്നു.