തരൂരിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് സംശയം; ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡിസിസി
തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായും ഇക്കാര്യം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തമ്പാനൂര്‍ പോലിസില്‍ പരാതി നല്‍കി. തുലാഭാരത്തിനിടെ തരൂരിനുണ്ടായ അപകടം അസാധാരണമാണ്.
തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായും ഇക്കാര്യം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തമ്പാനൂര്‍ പോലിസില്‍ പരാതി നല്‍കി. തുലാഭാരത്തിനിടെ തരൂരിനുണ്ടായ അപകടം അസാധാരണമാണ്. ഇതിന് പിന്നില്‍ തരൂരിനെ മനപ്പൂര്‍വം അപകടപ്പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
ത്രാസ് പൊട്ടിവീണതില്‍ വീഴ്ചയോ അട്ടിമറിയോ ഗൂഢാലോചനയോ ഉണ്ടയിട്ടുണ്ടോയെന്നും അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇന്ന് രാവിലെ 11 ഓടെ തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ രാവിലെ തുലാഭാരനേര്‍ച്ചക്കിടെയായിരുന്നു അപകടമുണ്ടായത്. കൊളുത്ത് പൊട്ടി ത്രാസ് ശശി തരൂരിന്റെ തലയില്‍ വീഴുകയായിരുന്നു. കുടുംബാംഗങ്ങളും പ്രവര്‍ത്തകരും അപകടസമയത്ത് തരൂരിന്റെ ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തരൂരിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമികശുശ്രൂഷയ്ക്കുശേഷം വിദഗ്ധപരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.