ശിവശങ്കറിനെ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ എത്തിച്ചു; ചോദ്യം ചെയ്യല്‍ തുടങ്ങി

തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശിവശങ്കറിനെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ഓടെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു.വൈകുന്നേരം 3.20 ഓടെയാണ് കൊച്ചിയിലെ ഇഡി ഓഫിസില്‍ ശിവശങ്കറിനെ എത്തിച്ചത്

Update: 2020-10-28 10:14 GMT

കൊച്ചി: കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ചു.തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശിവശങ്കറിനെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ഓടെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി  കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു.വൈകുന്നേരം 3.20 ഓടെയാണ് കൊച്ചിയിലെ ഇഡി ഓഫിസില്‍ ശിവശങ്കറിനെ എത്തിച്ചത്.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്ത് നിന്നും ഇടവഴികളില്‍കൂടിയായിരുന്നു ശിവശങ്കറിനെയുമായി എന്‍ഫോഴ്‌സമെന്റ് സംഘം കൊച്ചിയിലേക്ക് യാത്രചെയ്തത്.ഇതിനിടയില്‍ ചേര്‍ത്തലയില്‍ വെച്ച് മറ്റൊരു വാഹനത്തിലേക്ക് ശിവശങ്കറിനെ മാറ്റുകയും ചെയ്തു. ചേര്‍ത്തലയില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ ഡിക്കൊപ്പം ചേര്‍ന്നിരുന്നു.പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷാ അകമ്പടിയോടെയായിരുന്നു ശിവശങ്കറിനെ കൊച്ചിയില്‍ എത്തിച്ചത്. ശിവശങ്കറിനെ എത്തിക്കുന്നതിന് മുമ്പായി കസ്റ്റംസിന്റെ പ്രധാന ഉദ്യോഗസ്ഥരും ഇ ഡി ഓഫിസില്‍ എത്തിയിരുന്നു.കൊച്ചിയില്‍ എത്തിച്ച ശിവശങ്കറെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതായാണ് വിവരം.ഇതിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക.

കസ്റ്റംസും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നടത്തിയ വാദത്തില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ പ്രഥമ ദൃഷ്ട്യാനിലനില്‍കുമെന്ന് വിലയിരുത്തിയാണ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. വാദത്തിനിടയില്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ചു.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.തുടര്‍ നടപടികളുമായി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നോട്ടു പോകാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ശിവശങ്കറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ ഡി ഓഫിസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പോലിസ് ഇവരെ ബലമായി അറസ്റ്റു ചെയ്തു നീക്കി.ഇതിനു പിന്നാലെയാണ് ശിവശങ്കറിനെ കൊച്ചി ഓഫിസില്‍ അന്വേഷണ സംഘം എത്തിച്ചത്.

Tags:    

Similar News