ഒളിംപിക്‌സ് ലക്ഷ്യമിട്ട് അപര്‍ണ്ണ; കൈത്താങ്ങായി സര്‍ക്കാരും

ഒളിംപിക്‌സിലെ ഷൂട്ടിംഗ് മല്‍സര വേദിയില്‍ വിറയ്ക്കാത്ത കൈകളോടെ പിഴയ്ക്കാത്ത ലക്ഷ്യത്തിലേക്ക് ഉന്നം വെയ്ക്കുക എന്ന സ്വപ്‌നമാണ് ദേശീയ തലത്തില്‍ ഷൂട്ടിംഗില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കിയ അപര്‍ണ്ണ മനസില്‍ താലോലിക്കുന്നത്. പക്ഷേ അപര്‍ണ്ണയുടെ ലക്ഷ്യത്തിന് വിലങ്ങുതടിയാകുന്നത് സാമ്പത്തിക പരാധീനതകളാണ്. മുഴുവന്‍ പിന്തുണയും നല്‍കി കുടുംബം കൂടെയുണ്ടെങ്കിലും ചെറിയ വരുമാനക്കാരായ അവര്‍ക്ക് അപര്‍ണ്ണയുടെ സ്വപ്‌നങ്ങളെ പൂര്‍ണ്ണമായി ചേര്‍ത്തു പിടിക്കാനാകുന്നില്ല

Update: 2021-06-02 12:53 GMT

കൊച്ചി: ദേശീയ തലത്തില്‍ ഷൂട്ടിംഗില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കിയ അപര്‍ണ്ണ ലാലുവിന് വലിയ സ്വപ്‌നങ്ങളാണുള്ളത്. ഉന്നം വെയ്ക്കുന്നത് വലിയ ലക്ഷ്യങ്ങളാണ്. ഒളിംപിക്‌സിലെ ഷൂട്ടിംഗ് മല്‍സര വേദിയില്‍ വിറയ്ക്കാത്ത കൈകളോടെ പിഴയ്ക്കാത്ത ലക്ഷ്യത്തിലേക്ക് ഉന്നം വെയ്ക്കുക എന്ന സ്വപ്‌നമാണ് അപര്‍ണ്ണ മനസില്‍ താലോലിക്കുന്നത്. പക്ഷേ അപര്‍ണ്ണയുടെ ലക്ഷ്യത്തിന് വിലങ്ങുതടിയാകുന്നത് സാമ്പത്തിക പരാധീനതകളാണ്. മുഴുവന്‍ പിന്തുണയും നല്‍കി കുടുംബം കൂടെയുണ്ടെങ്കിലും ചെറിയ വരുമാനക്കാരായ അവര്‍ക്ക് അപര്‍ണ്ണയുടെ സ്വപ്‌നങ്ങളെ പൂര്‍ണ്ണമായി ചേര്‍ത്തു പിടിക്കാനാകുന്നില്ല.

ഷൂട്ടിംഗ് പരിശീലനം തുടരാന്‍ പ്രയാസപ്പെട്ടിരുന്ന അപര്‍ണ്ണയ്ക്ക് സര്‍ക്കാരിന്റെ ധനസഹായമായി ഒരു ലക്ഷം രൂപ ലഭിച്ചത് വലിയ ആശ്വാസമാണ് നല്‍കിയത്. ഇടുക്കി റൈഫിള്‍ അസോസിയേഷനില്‍ പരിശീലനം നേടാനാണ് പട്ടികജാതി വികസന വകുപ്പ് വഴി സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. 2016ല്‍ ഡല്‍ഹിയില്‍ നടന്ന തല്‍സൈനിക് ക്യാംപില്‍ നാഷണല്‍ കേഡറ്റ് കോര്‍പ്പ് സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മത്സരത്തില്‍ അഞ്ച് ഗോള്‍ഡ് മെഡലുകളും ഒന്നു വീതം വെള്ളി, വെങ്കല മെഡലുകളുമടക്കം ഏഴ് മെഡലുകളാണ് അപര്‍ണ്ണ സ്വന്തമാക്കിയത്.

കേരളത്തില്‍ നിന്ന് പങ്കെടുത്ത 600 കേഡറ്റുകളെ പിന്നിലാക്കിയാണ് ദേശീയ തലത്തില്‍ ബെസ്റ്റ് ഫയറര്‍ ആയി അപര്‍ണ്ണ തിരഞ്ഞെടുക്കപ്പെട്ടത്. 2017ല്‍ നടന്ന മാവ് ലങ്കാര്‍ ഷൂട്ടിംഗ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. 2010 ല്‍ ഭുവനേശ്വറില്‍ നടന്ന ഓള്‍ ഇന്ത്യ ബേസിക് ലീഡര്‍ഷിപ്പ് നാഷണല്‍ ക്യാംപിലും പങ്കെടുത്തിട്ടുണ്ട്. 2009 മുതല്‍ എന്‍സിസിയില്‍ പ്രവര്‍ത്തിക്കുന്നു.അപര്‍ണ്ണയുടെ പ്രതിഭ തിരിച്ചറിഞ്ഞ എറണാകുളം എന്‍ സി സി കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ രാജ് നാരായണനാണ് കൂടുതല്‍ പരിശീലനം നേടാന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് 2018ല്‍ ഇടുക്കി റൈഫിള്‍ അസോസിയേഷനില്‍ സ്റ്റുഡന്റ് മെംബറായി ചേര്‍ന്ന് പരിശീലനം ആരംഭിച്ചു. സ്റ്റുഡന്റ് മെംബര്‍ കാലാവധിക്കു ശേഷം ആ ജീവനാന്ത അംഗത്വമെടുക്കുന്നതിനുള്ള പണമില്ലാതെ വന്നതോടെ അപര്‍ണ്ണയുടെ പ്രതീക്ഷകള്‍ മങ്ങി. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സഹായത്തിനായി അപേക്ഷിച്ചത്.

അമ്മ സിന്ധു മോളാണ് അപേക്ഷ നല്‍കാന്‍ മുന്‍കൈയെടുത്തത്. മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഇടപെടലും പട്ടികജാതി വികസന വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് എസ് ശ്രീനാഥിന്റെ തുടര്‍ നടപടികളും മൂലം അപേക്ഷയിന്മേലുള്ള പുരോഗതി വേഗത്തില്‍ പൂര്‍ത്തിയായെന്നും തുക കൈപ്പറ്റാനും സാധിച്ചതായി അപര്‍ണ്ണ പറഞ്ഞു. ഇടുക്കി റൈഫിള്‍ ക്ലബ്ബ് സെക്രട്ടറി ജെയിംസ്, ഷൂട്ടിംഗ് പരിശീലനം നല്‍കിയ മിലന്‍ ജെയിംസും വലിയ പ്രോത്സാഹനം നല്‍കിയതായും അപര്‍ണ്ണ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അപര്‍ണ്ണയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ച് ഉത്തരവായി.

പരിശീലനം ആരംഭിച്ചെങ്കിലും കൊവിഡ് സാഹചര്യത്തില്‍ പരിശീലനം നടക്കുന്നില്ല. സ്വന്തമായി ഒരു റൈഫിള്‍ വാങ്ങുകയെന്നതാണ് ഇനി അപര്‍ണ്ണയുടെ ലക്ഷ്യം. മൂന്നു ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരും. ഭാരത് മാത കോളേജില്‍ ബി എസ് സി സുവോളജി പഠനത്തിനു ശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അപര്‍ണ്ണയുടെ വീട് കുമ്പളം പഞ്ചായത്തിലെ ചേപ്പനത്താണ്.ഇപ്പോള്‍ ഭര്‍ത്താവ് ഇസഹാക്കിനൊപ്പം ഫോര്‍ട്ടുകൊച്ചിയിലാണ് താമസം. അപര്‍ണ്ണയുടെ വീട് നിര്‍മ്മാണം പാതിവഴിവില്‍ നിലച്ചിരിക്കുകയാണ്. അമ്മയും അനിയത്തി അര്‍ച്ചനയും മാതൃസഹോദരിയുടെ വീട്ടിലാണ് താമസം. കൂലിപ്പണിക്കാരനാണ് അച്ഛന്‍ ലാലു.

സമ്പന്നര്‍ക്കു മാത്രം ആഗ്രഹിക്കാവുന്ന ഏറെ ചെലവു വരുന്ന കായിക ഇനമാണ് തന്റേതെന്ന് അപര്‍ണ്ണ പറയുന്നു. പക്ഷേ പണമില്ലെന്ന കാരണത്താല്‍ മാറി നില്‍ക്കാനല്ല മറ്റുള്ളവര്‍ക്ക് മാതൃകയായി മുന്നേറാനാണ് തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചതെന്നും അപര്‍ണ്ണ പറഞ്ഞു.സര്‍ക്കാരിന്റെ സഹായം കൂടി ലഭിച്ചതോടെ വലിയ സ്വപ്‌നങ്ങള്‍ ലക്ഷ്യം വെച്ച് ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള പരിശ്രമത്തിലാണ് അപര്‍ണ്ണ.

Tags:    

Similar News