തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരേ വനിതാ കമ്മീഷനില്‍ പരാതി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് ജോസഫൈനെതിരേ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിക്കെതിരേ ക്ഷോഭിച്ച ജോസഫൈനെതിരെ കേസെടുക്കണമെന്നാണ് ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലെ ആവശ്യം. പരാതിക്കാരിയായ സ്ത്രീയോട് ജോസഫൈന്‍ ധാര്‍ഷ്ട്യത്തോടെയും പുച്ഛത്തോടെയും സംസാരിച്ചെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. സ്വകാര്യചാനലിന്റെ ഫോണ്‍ ഇന്‍ പരിപാടിയുടെ ഭാഗമായ ഹെല്‍പ്പ് ഡെസ്‌ക് എന്നതില്‍ പങ്കെടുക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി വാര്‍ത്താചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്. യുവതിയോട് 'എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ' എന്നായിരുന്നു ജോസഫൈന്റെ മറുപടി. യുവതി സംസാരിച്ച് തുടങ്ങിയതുമുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പെരുമാറിയത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് പോലിസില്‍ പരാതിപ്പെട്ടില്ലെന്ന് എം സി ജോസഫൈന്‍ ചോദിച്ചു.
ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍. 'എന്നാല്‍ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു എം സി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന്‍ യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം. ഭര്‍ത്യപീഡനത്തിനിരയായ സ്ത്രീയോടുള്ള വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശമായ പ്രതികരണത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
നിരവധി പേരാണ് ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. 89 വയസ്സുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട എം സി ജോസഫൈനെതിരേ മുമ്പ് രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, യുവതിയോട് 'അനുഭവിച്ചോളൂ' എന്ന് പറഞ്ഞത് മോശം അര്‍ഥത്തിലല്ലെന്നായിരുന്നു ജോസഫൈന്റെ വാദം. പോലിസില്‍ പരാതിപ്പെടേണ്ട കേസാണിതെന്ന് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും അധ്യക്ഷ വ്യക്തമാക്കി.