കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ നാലു പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍ , നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഷുഹൈബ് വധക്കേസ് പ്രതികളെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുന്നെന്ന ആക്ഷേപം നില നില്‍ക്കെയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവരുന്നത്. കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്നും ഇരകളോടൊപ്പം നില്‍ക്കാതെ സര്‍ക്കാര്‍ വേട്ടക്കാരെ രക്ഷിക്കുന്നതിനായി കോടിക്കണക്കിനു രൂപ ചെലവഴിക്കുകയാണെന്നും കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിയും വരെ പാര്‍ട്ടി പ്രതികളോട് കാത്ത് നില്‍ക്കാന്‍ പറയുകയും വോട്ട് പെട്ടിയിലായതിന്റെ പിറ്റേ ദിവസം തന്നെ ജാമ്യത്തിനു സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു എന്നും കോണ്‍ഗ്രസ് ആരോപിച്ചു.