ഞങ്ങളെ ക്ഷണിക്കാന്‍ മാത്രം നിങ്ങളായിട്ടില്ല; ശോഭാ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്. അവരാണിപ്പോള്‍ ബിജെപിയുടെ ഭാഷയില്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഞങ്ങളുള്ളത് കോണ്‍ഗ്രസിന്റെ മുന്നണിയിലാണ്.
മലപ്പുറം: മുസ്‌ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് മറുപടിയുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. അതിന് വച്ച വെള്ളമങ്ങ് വാങ്ങിവച്ചാല്‍ മതി. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്. അവരാണിപ്പോള്‍ ബിജെപിയുടെ ഭാഷയില്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഞങ്ങളുള്ളത് കോണ്‍ഗ്രസിന്റെ മുന്നണിയിലാണ്.
ഇന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശയാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. അവരെ തിരിച്ചും ലീഗ് അഭിവാദ്യം ചെയ്യുന്നു. മര്‍ദ്ദനവും കേസുകളും സഹിച്ച് ബിജെപിയെ നേരിടുന്ന കാര്യത്തില്‍ ഒരു സിപിഎമ്മും കോണ്‍ഗ്രസിന്റെ അടുത്തെത്തിയിട്ടില്ല. ആ കോണ്‍ഗ്രസിന്റെ കൂടെയാണ് ലീഗുള്ളത്. കറകളഞ്ഞ മതേതര സ്വാഭാവമുള്ള പാര്‍ട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. നരേന്ദ്രമോദിയെ നേതാവായി അംഗീകരിച്ചാല്‍ ലീഗിനെ സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ നിലപാട്. എന്നാല്‍, ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്നും അതിനെ നന്നാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇതിനോടുള്ള കെ സുരേന്ദ്രന്റെ പ്രതികരണം.