മാമ്പഴ ജ്യൂസെന്ന വ്യാജേന കടത്തിയ സോഫ്റ്റ് ഡ്രിങ്ക്‌സ് പിടികൂടി
നികുതി, സെസ്, പിഴ ഇനത്തില്‍ 2,60,000 രൂപ ഈടാക്കി
പെരിന്തല്‍മണ്ണ: തമിഴ്‌നാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് മാമ്പഴ ജ്യൂസെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 35000 ബോട്ടില്‍ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്‌സ്(കോള) പെരിന്തല്‍മണ്ണ ജിഎസ്ടി ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. നികുതി, സെസ്, പിഴ ഇനത്തില്‍ 2,60,000 രൂപ ഈടാക്കി. കുപ്പിയില്‍ നിറച്ച് കൊണ്ടുവരുന്ന മാമ്പഴ ജ്യൂസിന് 12 ശതമാനമാണ് നികുതി. എന്നാല്‍ കോളയ്ക്കു 28 ശതമാനം നികുതിയും 12 ശതമാനം സെസും അടയ്ക്കണം. 28 ശതമാനം നികുതി വെട്ടിക്കാനുള്ള ശ്രമമാണ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വെളിച്ചത്തുവന്നത്. ഇന്റലിജന്‍സ് അസി. കമ്മീഷണര്‍ മുഹമ്മദ് സലീമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് ഓഫിസര്‍ എ എം ഷംസുദ്ദീന്റെ നേതൃത്വത്തില്‍ സ്‌റ്റേറ്റ് ടാക്‌സ് അസി. ഓഫിസര്‍മാരായ എം വി സാദിഖ്, അബ്ദുസ്സലാം, ഡ്രൈവര്‍ രാജീവന്‍ എന്നിവരാണ് പരിശോധന നടത്തിയത്. നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധനയയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ ശേഖരണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.