കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം ;കുത്തക സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും:എസ്ഡിപിഐ

കുത്തക സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ 'പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം, കുത്തകകളെ ബഹിഷ്‌കരിക്കുക' എന്നാഹ്വാനം ചെയ്ത് കൊണ്ടുള്ള പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അറിയിച്ചു

Update: 2021-01-12 13:34 GMT

കൊച്ചി: കര്‍ഷക സമരം അന്‍പത് ദിവസം പൂര്‍ത്തിയാകുന്ന ജനുവരി 14 ന് എസ്ഡിപി ഐ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തക സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ 'പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം, കുത്തകകളെ ബഹിഷ്‌കരിക്കുക' എന്നാഹ്വാനം ചെയ്ത് കൊണ്ടുള്ള പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അറിയിച്ചു.രാജ്യമെമ്പാടുമുള്ള റിലയന്‍സ് പെട്രോള്‍ പമ്പുകള്‍, റിലയന്‍സ് മാളുകള്‍, ജിയോ സിം ഉള്‍പ്പെടെ അദാനിയുടേയും അംബാനിയുടെയും സ്ഥാപനങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ കുത്തകകളെ വളരെ പെട്ടന്ന് മുട്ടുകുത്തിക്കാനാകും.

ഉത്തരേന്ത്യയില്‍ ജിയോസിമ്മിനെതിരെ വലിയമുന്നേറ്റമാണിപ്പോള്‍ നടക്കുന്നത്.കോര്‍പറേറ്റുകള്‍ക്ക് ശക്തമായ തിരിച്ചടി നേരിട്ടാലേ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറാകൂവെന്നും ഷെമീര്‍ മാഞ്ഞാലി പറഞ്ഞു.സുപ്രീം കോടതിയുടെ ഇടപെടലുണ്ടായിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലെ കര്‍ഷക സമര കേന്ദ്രങ്ങളിലേക്ക് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് അറുപതിലധികം കര്‍ഷകര്‍ രക്തസാക്ഷികളായിട്ടും ഐതിഹാസികമായ സമരത്തില്‍ നിന്നും ഒരിഞ്ച് പോലും കര്‍ഷകര്‍ പിന്മാറിയിട്ടില്ല.പൊരുതുന്ന കര്‍ഷകരോട് ഐക്യപ്പെടാന്‍ കുത്തക സ്ഥാപനങ്ങള്‍ ബഹിഷ്‌കരിച്ച് രംഗത്തിറങ്ങാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണമെന്നും ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു.

Tags:    

Similar News