ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ പോലും അട്ടിമറിക്കുന്നു: നീലലോഹിതദാസന്‍ നാടാര്‍
ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ പണം നല്‍കുന്നതിന് കോര്‍പറേറ്റുകളെ സഹായിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ പോലും അട്ടിമറിക്കുകയാണെന്ന് മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍. കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവച്ച ബിജെപി സര്‍ക്കാരിനെതിരേ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ് ഡിപിഐ രാജ്ഭവനു മുന്നില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെയാണ് നിയമങ്ങള്‍ ചുട്ടെടുക്കുന്നത്. സമ്പൂര്‍ണ ഏകാധിപത്യഭരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ഫാഷിസ്റ്റ് സര്‍ക്കാര്‍ അടിയറവ് പറയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ പണം നല്‍കുന്നതിന് കോര്‍പറേറ്റുകളെ സഹായിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ഉപവാസ സമരത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തെറിയുന്നു എന്നു മാത്രമല്ല പുതിയ കാര്‍ഷിക നിയമം നടപ്പാക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം നഷ്ടപ്പെടും. സംസ്ഥാന ഭരണം സ്തംഭിപ്പിക്കാനും കേന്ദ്ര ചൊല്‍പ്പടിയില്‍ നിര്‍ത്താനും അതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, എസ് ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി പി മൊയ്തീന്‍ കുഞ്ഞ്, പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, വിനീത വിജയന്‍, പ്രത്യാശ സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം, എസ് ഡിടിയു സംസ്ഥാന സെക്രട്ടറി ജലീല്‍ കരമന, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍ എം അന്‍സാരി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹിം, എസ് ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം വേലുശ്ശേരി, ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, ജില്ലാ സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, സിയാദ് തൊളിക്കോട് സംസാരിച്ചു. സമരത്തിന് ആവേശം പകര്‍ന്ന് അതിജീവന കലാസംഘം നാടന്‍ പാട്ടുകളും അവതരിപ്പിച്ചു. നാടന്‍പാട്ട് കലാകാരി മുഹ്‌സിന നാരങ്ങാനീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.