ദലിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണം: എസ് ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
കേരളത്തിലെ ജനസംഖ്യയില്‍ 18 ശതമാനം വരുന്ന ക്രൈസ്തവരില്‍ 10 ശതമാനമുള്ള പരിവര്‍ത്തിത ക്രൈസ്തവര്‍, ലത്തീന്‍ ക്രൈസ്തവര്‍ എന്നിവരുടെ സാമൂഹിക, വിദ്യാഭ്യാസ മേഖലയിലെ പ്രാതിനിധ്യം ഏറെ പിന്നാക്കമാണ്. ഇതില്‍തന്നെ പരിവര്‍ത്തിത ക്രൈസ്തവരില്‍നിന്ന് കഴിഞ്ഞ 60 വര്‍ഷമായി എംപിമാരോ എംഎല്‍എമാരോ ഉണ്ടായിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പുതിയ കമ്മീഷന്റെ അന്വേഷണ വിഷയങ്ങളില്‍ ദലിത് (പരിവര്‍ത്തിത) ക്രൈസ്തവരുടെ വിഷയം പഠിക്കുന്നതിന് പ്രഥമപരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ മുഖ്യമന്ത്രിക്കും ന്യൂനപക്ഷ ക്ഷേമ മന്ത്രിക്കും നിവേദനം നല്‍കി.
കേരളത്തിലെ ജനസംഖ്യയില്‍ 18 ശതമാനം വരുന്ന ക്രൈസ്തവരില്‍ 10 ശതമാനമുള്ള പരിവര്‍ത്തിത ക്രൈസ്തവര്‍, ലത്തീന്‍ ക്രൈസ്തവര്‍ എന്നിവരുടെ സാമൂഹിക, വിദ്യാഭ്യാസ മേഖലയിലെ പ്രാതിനിധ്യം ഏറെ പിന്നാക്കമാണ്. ഇതില്‍തന്നെ പരിവര്‍ത്തിത ക്രൈസ്തവരില്‍നിന്ന് കഴിഞ്ഞ 60 വര്‍ഷമായി എംപിമാരോ എംഎല്‍എമാരോ ഉണ്ടായിട്ടില്ല. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് നിലവില്‍ ഒരുശതമാനമാണ് സംവരണം നല്‍കിവരുന്നത്. മുന്നാക്ക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മുന്നാക്ക ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചിരിക്കുകയാണ്.
കേരളത്തിലെ 25 ലക്ഷത്തോളം വരുന്ന പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് വിദ്യാഭ്യാസ, ഉദ്യോഗമേഖലകളില്‍ കേവലം ഒരുശതമാനം സംവരണം നല്‍കുന്നത് സാമൂഹിക നീതിക്കു നിരക്കുന്നതല്ല. അതുപോലും നികത്തപ്പെട്ടിട്ടില്ലെന്നു നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ ഏറ്റവുമധികം നീതിനിഷേധത്തിനും അവഗണനയ്ക്കും ഇരയാവുന്നത് പരിവര്‍ത്തിത ക്രൈസ്തവരാണ്. ഇവരുടെ പ്രശ്‌നം പഠിച്ച് പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.