പോലിസിന് ഡിജിപിയുടെ അഭിനന്ദനം: പൗരന്മാര്‍ക്കായി പ്രത്യേക ട്രോള്‍ഫ്രീ നമ്പര്‍ ആരംഭിക്കും
ഇന്നലെ വരെ കമ്യൂണിറ്റി പോലീസിങില്‍ പെട്ട ജീവനക്കാര്‍ മൂന്നുലക്ഷത്തി ഇരുപത്തിയേഴായിരം വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍കരണം നടത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ട്രോള്‍ഫ്രീ നമ്പര്‍ ആരംഭിക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ പുതിയ ട്രോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തന സജ്ജമാക്കും.റെഡ്, ഓറഞ്ച് സോണുകള്‍ ഉള്ള സംസ്ഥാനമാണ് നമ്മുടേത്. നാല് ജില്ലകളാണ് റെഡ് സോണിലുള്ളത്. റെഡ് സോണിലുള്ള ജില്ലകളിലും ഓറഞ്ച് സോണിലുള്ള ജില്ലകളിലും ഹോട്ട് സ്‌പോട്ടുകളുണ്ട്. ഈ ഹോട്ട് സ്‌പോട്ടുകള്‍ ഉള്ള സ്ഥലങ്ങളിലെല്ലാം ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടെ പോലീസിലെയും ബന്ധപ്പെട്ട പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വോളന്റിയര്‍മാര്‍ അവശ്യസാധനങ്ങളെല്ലാം വീടുകളില്‍ എത്തിച്ചു നല്‍കും. ജനങ്ങള്‍ ഇതില്‍ പൂര്‍ണമായും സഹകരിക്കണമെന്നും ഡി.ജി.പി. അഭ്യര്‍ത്ഥിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അടിസ്ഥാനമാക്കി ഇന്നുവരെ രണ്ടര ലക്ഷത്തോടടുപ്പിച്ച് ഭക്ഷണപ്പൊതികള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ സാധിച്ചിട്ടുള്ളതായും ഈ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും ഡി.ജി.പി. പറഞ്ഞു. ഹോട്ട് സ്‌പോട്ടുകള്‍ ഒഴിച്ച് ബാക്കി സ്ഥലങ്ങളിലെല്ലാം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകള്‍ പ്രാവര്‍ത്തികമാക്കി തുടങ്ങിയിട്ടുണ്ടെങ്കിലും ഓരോ ജില്ലകളിലേയും അവസ്ഥകള്‍ വ്യത്യസ്തമായതിനാല്‍ തന്നെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും അതാത് ജില്ലാ കളക്ടര്‍, എസ്.പി., ഡി.എം.ഒ. ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് അധികാരം നല്‍കിയിരിക്കുന്നതെന്നും ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി.
കേരളത്തില്‍ നമ്മള്‍ ആരെയും ഒന്നും അടിച്ചേല്‍പിച്ചിട്ടില്ല. നിയമാനുസൃതമായി കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് ചെയ്തത്. ബോധവല്‍കരണ പരിപാടികളിലൂടെയും നിയമസംവിധാനങ്ങളിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. അതില്‍ പോലീസ് വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്നലെ വരെ കമ്യൂണിറ്റി പോലീസിങില്‍ പെട്ട ജീവനക്കാര്‍ മൂന്നുലക്ഷത്തി ഇരുപത്തിയേഴായിരം വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍കരണം നടത്തിയിട്ടുണ്ട്. ഹൗസ് ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളിലും മുതിര്‍ന്ന പൗരന്മാര്‍ ഉള്ള വീടുകളിലേക്കും പോലീസ് എത്തി ബോധവല്‍കരണം നടത്തിയിട്ടുണ്ടെന്നും ബഹ്‌റ പറഞ്ഞു.കോവിഡ് 19 ബോധവല്‍കരണവുമായി ബന്ധപ്പെട്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ 412 വീഡിയോകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു കോടിയിലധികം ലൈക്കുകള്‍ കിട്ടിയ വീഡിയോകളും ഈ കൂട്ടത്തിലുണ്ട്. രാജ്യത്തെമ്പാടുമുള്ള പല പ്രമുഖ വ്യക്തിത്വങ്ങളില്‍ നിന്നും ഇത്തരം വീഡിയോകള്‍ക്ക് പ്രോത്സാഹനങ്ങളും ലഭിച്ചിട്ടുണ്ട്.ഇതുകൂടാതെ നൂറു കണക്കിന് പോസ്റ്ററുകളും ആയിരക്കണക്കിന് ട്രോളുകളും ബോധവല്‍കരണവുമായി ബന്ധപ്പെട്ട് നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്ത് മറ്റൊരു പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളാണിതെന്ന് ബഹ്‌റ അഭിപ്രായപ്പെട്ടു.