എസ്എസ്എൽസി മൂല്യനിർണയം ലോക്ക് ഡൗണിന് ശേഷം; എച്ച്എസ്എസ് 13ന് ആരംഭിക്കും
ലോക്ക് ഡൗൺ മേയ് 17ന് അവസാനിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കുകയും ചെയ്താൽ മേയ് 21നും 29നും ഇടയിലായി എസ്എസ്എൽസി, ഹയർ സെക്കൻ്ററി പരീക്ഷകൾ പൂർത്തീകരിക്കാനാവും.
തിരുവനന്തപുരം: എസ്എസ്എൽസി മൂല്യനിർണയം ലോക്ക് ഡൗണിനു ശേഷമേ ആലോചിക്കുന്നുള്ളുവെന്ന് ക്യുഐപി യോഗത്തിൽ തീരുമാനമായി. എച്ച്എസ്എസ് മൂല്യനിർണയം മേയ് 13ന് ആരംഭിക്കും. സാധ്യമാകുന്ന അധ്യാപകർ മൂല്യനിർണയ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിർദ്ദേശമായിരിക്കും നൽകുക. ലോക്ക് ഡൗൺ മേയ് 17ന് അവസാനിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കുകയും ചെയ്താൽ മേയ് 21നും 29നും ഇടയിലായി എസ്എസ്എൽസി, ഹയർ സെക്കൻ്ററി പരീക്ഷകൾ പൂർത്തീകരിക്കാനാവും.
നിലവിൽ ചില സ്കൂളുകൾ കൊവിഡ് സെൻ്ററായി പ്രവർത്തിക്കുന്നുണ്ട്. അത്തരം പരീക്ഷാകേന്ദ്രങ്ങൾക്ക് പകരം മറ്റ് സംവിധാനം ആവശ്യമെങ്കിൽ ആലോചിക്കും. നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ സാധിക്കുന്ന സാഹചര്യമുണ്ടോ എന്ന് സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ മുഖാന്തരം ജില്ലാതലത്തിൽ അന്വേഷിക്കും. പരീക്ഷക്ക് ഏതെങ്കിലും കുട്ടികൾക്ക് എത്തിചേരാനാകാത്ത സാഹചര്യം ബോധ്യപ്പെട്ടാൽ അത് പരിഹരിക്കാൻ വേണ്ട നടപടി കൈക്കൊള്ളും.
കൊവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകർ 14 ദിവസം ക്വാറൻ്റൈന് വിധേയമാകേണ്ടതുണ്ട്. നിലവിൽ ഈ ഉത്തരവാദിത്തം നിറവേറ്റുന്ന എച്ച്എസ്, എച്ച്എസ്എസ് അധ്യാപകർക്കു പകരം യുപി, എൽപി അധ്യാപകരെ നിയമിക്കുന്നതിന് ജില്ലാ കലക്ടർമാരോട് ആവശ്യപ്പെടും. അല്ലാത്തപക്ഷം എച്ച്എസ്, എച്ച്എസ്എസ് പരീക്ഷ, മൂല്യനിർണയം ഇവ നടത്തുന്നതിന് പ്രയാസം നേരിടും.
പരീക്ഷയ്ക്ക് കുട്ടികളും അധ്യാപകരും സ്കൂളുകളിൽ എത്തിച്ചേരുന്നതിന് മതിയായ യാത്രാ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും. ഡപ്യൂട്ടി ചീഫുമാരായ അധ്യാപകർ ജില്ലയ്ക്കു പുറത്തുള്ളവരാണെങ്കിൽ അവരുടെ യാത്രയ്ക്കുള്ള ക്രമീകരണവും ഉറപ്പാക്കും. ഡിഎൽഎഡ് പരീക്ഷ ജൂൺ ആദ്യം നടത്താനാവുമോയെന്ന് പരിശോധിക്കും.
ലോക്ക് ഡൗൺ പിൻവലിച്ച് സാഹചര്യങ്ങളനുകൂലമായാൽ എത്രയും വേഗം പരീക്ഷ, മൂല്യനിർണയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന കാഴ്ചപ്പാടിന്റെ മുന്നൊരുക്കമായിട്ടാണ് അധ്യാപക നേതാക്കളുടെ യോഗം വിളിച്ചതെന്ന് ഡിജിഇ പറഞ്ഞു. അധ്യാപക സംഘടനാ നേതാക്കളായ കെ സി ഹരികൃഷ്ണൻ, എൻ ശ്രീകുമാർ ,അജിത് കുമാർ വി കെ, എം കെ ബിജു ,അബ്ദുള്ള വാവൂർ, അനൂപ് കുമാർ ടി, അലക്സ് സാം, പി എം രാജീവ്, ഹരീഷ് കടവത്തൂർ, എം തമീമുദ്ദീൻ എന്നിവർ പങ്കെടുത്തു.