മന്ത്രി കെ ടി ജലീലിനെതിരേ പ്രതിഷേധം തുടരുന്നു; പ്രതിരോധവുമായി സിപിഎം
ചോദ്യംചെയ്യലിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ മാത്രം രാജി മതിയെന്നാണ് പാർട്ടി നയം.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നു. പലയിടത്തും യുവജന സംഘടനകളുടെ പ്രതിഷേധം സംഘർഷത്തിലേക്കും ലാത്തിച്ചാർജിലും സമാപിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മഹിളാ കോൺഗ്രസും യൂത്ത് ലീഗും യുവമോർച്ചയും മാർച്ച് നടത്തി. പോലിസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. പിന്തിരിയാത്ത യുവമോർച്ച പ്രവർത്തകർക്ക് നേരെ ലാത്തി വീശി. എസ്ഡിപിഐ, യൂത്ത് കോൺഗ്രസ് സംംഘടനകളും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.
യുവമോർച്ച കോട്ടയത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം സമരക്കാർക്ക് നേരെ ലാത്തി വീശിയ പോലിസ് ബിജെപി ജില്ലാ പ്രസിഡൻ്റ് ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിൽ രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പോലിസ് ഗ്രനേഡ് പ്രയോഗിച്ചു. പ്രവർത്തകർ ചിതറിയോടി. കൊല്ലത്തും പ്രതിഷേധം. യൂത്ത് കോൺഗ്രസ് ലോങ് മാർച്ച് നടത്തുന്നു. ചിലയിടങ്ങളിൽ മന്ത്രിയുടെ കോലവും കത്തിച്ചു. തൃശ്ശൂരിൽ യുവമോർച്ച, യൂത്ത് ലീഗ് മാർച്ചുകൾക്ക് നേരെ ജലപീരങ്കി പ്രയോഗം. പ്രവർത്തകർ ചിതറിയോടി. ഇവിടെ പോലിസുമായി വാക്കേറ്റമുണ്ടായി. പലതവണ ബാരിക്കേഡ് മറിച്ചിടാൻ ശ്രമമുണ്ടായി.
അതേസമയം, മന്ത്രി കെ ടി ജലീലിനെ ഇഡി ചോദ്യം ചെയ്തതോടെ സർക്കാരും സിപിഎമ്മും സമ്മർദ്ദത്തിലായി. ഇഡിയുടെ ചോദ്യംചെയ്യലിന് കേരളത്തിലെ ഒരു മന്ത്രി വിധേയമാവുന്നത് ആദ്യം. സർക്കാർ അവസാന വർഷത്തിലേക്ക് കടന്നിരിക്കെ, ജലീലിന്റെ രാജിക്കായി പ്രതിപക്ഷത്തിന്റെ മുറവിളി കൂടുതൽ ശക്തമായി. പ്രതിരോധിക്കാനുള്ള പെടാപ്പാടിലാണ് സർക്കാർ.
സ്വർണക്കടത്ത് കേസിനിടെയാണ് യുഎഇയിൽനിന്ന് മതഗ്രന്ഥങ്ങൾ വന്നവിവരം പുറത്തുവരുന്നത്. ഇത് വിദ്യാഭ്യാസവകുപ്പിന്റെ വാഹനത്തിൽ കൊണ്ടുപോയത് ആരോപണത്തിന് തീപിടിപ്പിച്ചു. സ്വപ്നാ സുരേഷുമായുള്ള ഫോൺവിളി വിവരങ്ങൾ പുറത്തുവന്നപ്പോൾ മന്ത്രി തീർത്തും പ്രതിരോധത്തിലായി. പെട്ടികളിൽ വന്നത് മതഗ്രന്ഥങ്ങൾ തന്നെയാണോയെന്ന ചോദ്യവും ഉയർന്നു. ഇഡിയുടെ അന്വേഷണംകൂടിയായതോടെ മന്ത്രി സംശയത്തിൻ്റെ നിഴലിലായി.
എന്നാൽ, ചോദ്യംചെയ്യലിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ മാത്രം രാജി മതിയെന്നാണ് പാർട്ടി നയം. ജലീലിനെ രാജിവെപ്പിച്ചാൽ കുറ്റമേൽക്കുന്നതിനു തുല്യമാകുമെന്നും അത് സർക്കാരിനു തിരിച്ചടിയാകുമെന്നുമാണ് സിപിഎം വിലയിരുത്തുന്നു.