മാര്‍ക്ക് ദാനത്തിനെതിരായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിലപാട്; വകുപ്പുമന്ത്രിയും സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തില്‍

പരീക്ഷാഫലം വന്നുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് യാതൊരു അധികാരവുമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി.

Update: 2019-10-18 17:15 GMT

തിരുവനന്തപുരം: എംജി സര്‍വകലാശാലയുടെ മാര്‍ക്ക് ദാനം തള്ളി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കള്‍ രംഗത്തെത്തിയതോടെ സര്‍ക്കാരും മന്ത്രി കെ ടി ജലീലും കൂടുതല്‍ പ്രതിരോധത്തിലായി. മാര്‍ക്ക് ദാനത്തെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീല്‍ ഉയര്‍ത്തുന്ന വാദഗതികള്‍ ഓരോദിവസവും പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മന്ത്രിയെ തള്ളി സ്വന്തം വകുപ്പിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍തന്നെ രംഗത്തെത്തിയത്. പരീക്ഷാഫലം വന്നുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് യാതൊരു അധികാരവുമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി.

സിന്‍ഡിക്കേറ്റില്‍ പരീക്ഷാ നടത്തിപ്പിനായി ഒരു സമിതിയുണ്ടാവും. എന്നാല്‍ അവര്‍ക്കുപോലും ഉത്തരപേപ്പര്‍ വിളിച്ചുവരുത്താനാവില്ല. പരീക്ഷാഫലം വന്നുകഴിഞ്ഞാല്‍ മാര്‍ക്ക് കൂട്ടി നല്‍കാനോ കുറച്ചുനല്‍കാനോ സിന്‍ഡിക്കേറ്റിന് പറ്റില്ല. കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനാണ് പരീക്ഷാനടത്തിപ്പിന് നിയമപ്രകാരം ചുമതലപ്പെട്ടത്. അദ്ദേഹത്തിന് മുകളില്‍ പരീക്ഷാനടത്തിപ്പില്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അദാലത്തുകള്‍ നടത്താന്‍ സര്‍വകലാശാലകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍, അതില്‍ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണ്. വൈസ് ചാന്‍സലര്‍ക്കാണ് അദാലത്ത് നടത്താന്‍ അവകാശം.

സര്‍വകലാശാലയുടെ ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രൊ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഇടപെടാന്‍ നിയമമില്ല. വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കാമെന്നതില്‍ കവിഞ്ഞൊരു അധികാരവും ഉന്നതവിദ്യാഭ്യാസമന്ത്രിക്കില്ലെന്നും രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി എംജി സര്‍വകലാശാലയിലെ അദാലത്തില്‍ പങ്കെടുത്ത് ബിടെക് വിദ്യാര്‍ഥിക്ക് മാര്‍ക്ക് ദാനം നടത്തിയെന്നാണ് ആരോപണം. വിഷയം രാഷ്ട്രീയ ആയുധമാക്കിയ പ്രതിപക്ഷം, മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ആശംസാപ്രസംഗം നടത്തി മടങ്ങിയെന്നുമായിരുന്നു മന്ത്രിയുടെ ആദ്യനിലപാട്. തെളിവുകള്‍ കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു.

വൈകാതെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ മുഴുവന്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നതോടെ മന്ത്രി കൂടുതല്‍ കുരുക്കിലായി. ഇതോടെ പ്രൈവറ്റ് സെക്രട്ടറിക്ക് സര്‍വകലാശാലയില്‍ പോവാനും അദാലത്തില്‍ പങ്കെടുക്കാനും അധികാരമുണ്ടെന്നായിരുന്നു മന്ത്രിയുടെ നിലപാട്. മാര്‍ക്ക് ദാനം നടത്തിയിട്ടില്ലെന്നും മോഡറേഷന്‍ നല്‍കിയതിനെയാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ താനോ തന്റെ ഓഫിസോ ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറയുന്നു. മാര്‍ക്ക് ദാന വിവാദത്തില്‍ എംജി സര്‍വകലാശാലയോട് ഗവര്‍ണറും വിശദീകരണം തേടിയിട്ടുണ്ട്. കുരുക്ക് മുറുകിയ സാഹചര്യത്തില്‍ ആരോപണങ്ങള്‍ക്കുള്ള മറുപടി ഉപതിരഞ്ഞെടുപ്പിനുശേഷം പറയാമെന്ന് അറിയിച്ച് ഒഴിഞ്ഞുമാറുകയാണ് മന്ത്രി കെ ടി ജലീല്‍ ചെയ്തിരിക്കുന്നത്. 

Tags:    

Similar News