ദുരിതാശ്വാസകേന്ദ്രങ്ങളില്‍ കര്‍ശനസുരക്ഷ; തീരദേശ സ്റ്റേഷനുകളില്‍ 26 സാറ്റലൈറ്റ് ഫോണുകള്‍

ദുരിതാശ്വാസകേന്ദ്രങ്ങളിലെ അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതും സാധനസാമഗ്രികള്‍ക്ക് സുരക്ഷ നല്‍കുന്നതും ക്രമസമാധാനം നിലനിര്‍ത്തുന്നതും ഈ സംഘത്തിന്റെ ഉത്തരവാദിത്വമായിരിക്കും. എല്ലാ ക്യാംപുകളിലും കൃത്യമായ ഇടവേളകളില്‍ മുതിര്‍ന്ന ഓഫിസര്‍മാര്‍ സന്ദര്‍ശനം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Update: 2019-08-09 15:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ദുരിതാശ്വാസകേന്ദ്രങ്ങളിലും വനിതകള്‍ ഉള്‍പ്പെടെയുള്ള പോലിസ് സംഘത്തിന്റെ സുരക്ഷ 24 മണിക്കൂറും ലഭ്യമാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ദുരിതാശ്വാസകേന്ദ്രങ്ങളിലെ അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതും സാധനസാമഗ്രികള്‍ക്ക് സുരക്ഷ നല്‍കുന്നതും ക്രമസമാധാനം നിലനിര്‍ത്തുന്നതും ഈ സംഘത്തിന്റെ ഉത്തരവാദിത്വമായിരിക്കും. എല്ലാ ക്യാംപുകളിലും കൃത്യമായ ഇടവേളകളില്‍ മുതിര്‍ന്ന ഓഫിസര്‍മാര്‍ സന്ദര്‍ശനം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന പോലിസിന്റെ എല്ലാത്തരം വാഹനങ്ങളും ദുരിതബാധിതരെ ഒഴിപ്പിക്കുന്നതിന് ഉപയോഗിക്കും.

മെഴുകുതിരി, ടോര്‍ച്ച്, കയര്‍, അത്യാവശ്യം ഭക്ഷ്യവസ്തുക്കള്‍ എന്നിവ രക്ഷാപ്രവര്‍ത്തകര്‍ കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലോക്കല്‍ പോലിസിനെ കൂടാതെ ബറ്റാലിയനുകളിലേയും സ്‌പെഷ്യല്‍ യൂനിറ്റുകളിലേയും എല്ലാ പോലിസ് ഉദ്യോഗസ്ഥരെയും ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 18 തീരദേശ പോലിസ് സ്‌റ്റേഷനുകളില്‍ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനായി 26 സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.

ബേക്കല്‍ തീരദേശ പോലിസ് സ്‌റ്റേഷനില്‍ മൂന്നും പൂവാര്‍, അര്‍ത്തുങ്കല്‍, മനക്കക്കടവ്, ബേപ്പൂര്‍, തലശ്ശേരി, തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്‌റ്റേഷനുകളില്‍ രണ്ടും വിഴിഞ്ഞം, അഞ്ചുതെങ്ങ്, നീണ്ടകര, തോട്ടപ്പള്ളി, ഫോര്‍ട്ട് കൊച്ചി, അഴിക്കോട്, പൊന്നാനി, എലത്തൂര്‍, വടകര, അഴീക്കല്‍, കുമ്പള എന്നീ തീരദേശ പോലിസ് സ്‌റ്റേഷനുകളില്‍ ഒന്ന് വീതവും സാറ്റലൈറ്റ് ഫോണുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. വിവിധ സ്ഥലങ്ങളിലെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ സംവിധാനം വിനിയോഗിക്കാവുന്നതാണെന്ന് പോലിസ് അറിയിച്ചു. 

Tags:    

Similar News