സ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം : സുനിത നിസാര്‍

Update: 2023-12-04 12:00 GMT

ആലുവ : സ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സുനിത നിസാര്‍. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് ഗവ: പ്ലീഡര്‍ അഡ്വ: പിജി മനുവിനെ അറസ്റ്റുചെയ്യുക എന്നാവശ്യപെട്ട് കൊണ്ട് വിമന്‍ ഇന്ത്യ മൂവ് മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ എസ് പി ഓഫീസ് പ്രതിഷേധ മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പീഡനത്തിന് ഇരയായ യുവതി നിയമസഹായം ആവശ്യപ്പെട്ട് കൊണ്ടാണ് ഗവ: അഭിഭാഷകനെ സമീപിച്ചത്. നിയമപരമായി സഹായം നല്‍കേണ്ട അഭിഭാഷകനില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള അനുഭവം നീതീകരിക്കാനാവില്ല. യുവതി ഉത്തരവാദപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും അഭിഭാഷകനെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണ്. കേസ് അട്ടിമറിച്ച് അഭിഭാഷകനെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് അറസ്റ്റ് വൈകുന്നതിലൂടെ വ്യക്തമാവുന്നത്. ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നിയമ സംവിധാനത്തിലുള്ള വിശ്വാസ്യത ചോദ്യം ചെയ്യപെടുമെന്നും പീഢനക്രിമിനലായ ഗവ.അഭിഭാഷകന്‍ മനുവിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും, സ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ് അധ്യക്ഷത വഹിച്ച പ്രതിഷേധ മാര്‍ച്ചില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ജുഷ റഫീഖ്, കമ്മിറ്റി അംഗം മാജിത ജലീല്‍, ടഉജക ജില്ലാ സെക്രട്ടറി ശിഹാബ് പടന്നാട്, ആലുവ മണ്ഡലം പ്രസിഡന്റ് ഫസീല യുസുഫ് തുടങ്ങിയവര്‍ സംസാരിച്ചു.






Tags:    

Similar News