വിദ്യാര്‍ഥി സ്‌കൂള്‍ വാഹനം തട്ടി മരിച്ച സംഭവം: സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: എല്‍കെജി വിദ്യാര്‍ഥി സ്‌കൂള്‍ വാഹനം തട്ടി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുക്കാന്‍ പേരാവൂര്‍ പോലിസിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ ഇ ഡി ജോസഫ് നിര്‍ദേശം നല്‍കി. പേരാവൂര്‍ പുതുശ്ശേരിയിലെ പുത്തന്‍പുരയില്‍ ഫൈസല്‍-റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റഫാന്‍(5) മരണപ്പെട്ട സംഭവത്തിലാണ് നടപടിക്കു നിര്‍ദേശം. റഫാന്‍ സ്‌കൂള്‍ വാഹനം തട്ടി മരിക്കാനിടയായത് സ്‌കൂള്‍ അധികൃതരുടെ വീഴ്ചയും അശ്രദ്ധയും ഉപേക്ഷയും കൊണ്ടാണെന്ന് സിഡബ്ല്യുസി ജില്ലാ ചെയര്‍മാന്‍ ഇ ഡി ജോസഫ് വിലയിരുത്തി. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വമേധയാ കേസെടുത്ത് സ്‌കൂള്‍ അധികൃതരില്‍ നിന്ന് മൊഴിയെടുത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് വൈകീട്ട് 4.15ഓടെയാണ് കേസിനാസ്പദമായ സംഭവം. പേരാവൂര്‍ ശാന്തി നികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിയായ റഫാന്‍ സ്‌കൂള്‍ ബസില്‍ വീടിനു സമീപത്തെ സ്‌റ്റോപ്പില്‍ സഹോദരന്‍ സല്‍മാനൊപ്പം ഇറങ്ങിയതായിരുന്നു. എതിര്‍ വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ കയറിയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥിയെ ഇടിച്ചതറിയാതെ ബസ് യാത്ര തുടരുകയായിരുന്നു. റഫാന്‍ ബസിനു മുന്നിലൂടെയും സല്‍മാന്‍ പിന്നിലൂടെയുമാണു റോഡ് മുറിച്ചുകടന്നത്. പിന്നിലൂടെ സല്‍മാന്‍ പോവുന്നത് കണ്ടതിനാല്‍ ബസ് മുന്നോട്ടെടുത്തുവെന്നായിരുന്നു
ഡ്രൈവറുടെ മൊഴി. സ്‌കൂള്‍ ബസിനു പിന്നാലെ നടന്നു വന്ന മറ്റു കുട്ടികള്‍ നിലവിളിച്ചതോടെ വീട്ടില്‍ നിന്നു ബന്ധുക്കളെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോഴാണു വിദ്യാര്‍ഥിയെ ഇടിച്ച കാര്യം ബസ്സിലുള്ളവര്‍ അറിഞ്ഞത്. അപ്പോഴേക്കും ബസ് അരക്കിലോമീറ്ററിലേറെ പോയിരുന്നു.