കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Update: 2023-01-07 04:44 GMT

കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടതായ മാധ്യമറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കാസര്‍കോട് കുഴിമന്തി കഴിച്ചശേഷം അവശനിലയിലായ തലക്ലായിലെ അഞ്ജുശ്രീ പാര്‍വതി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്.

കാസര്‍കോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികില്‍സയിലായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഇവിടെവച്ചാണ് മരിക്കുന്നത്. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വിദ്യാര്‍ഥിനിക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News