ചൂരി റിയാസ് മൗലവി വധക്കേസില്‍ 29ന് വിധി പറയും

Update: 2024-02-22 09:32 GMT

കാസര്‍കോട്: ചൂരി റിയാസ് മൗലവി വധക്കേസില്‍ 29ന് വിധി പറയും. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. 2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്‌റസാ അധ്യാപകനായ റിയാസ് മൗലവി(27)യെ പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ സംഘം കഴുത്തറുത്തു കൊന്നത്. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരാണ് പ്രതികള്‍. ചൂരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ യാതൊതു പ്രകോപനവുമില്ലാതെ കൊലപ്പെടുത്തുകയായിരുന്നു. വര്‍ഗീയ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 97 പേരെയും പ്രതിഭാഗത്ത് നിന്ന് ഒരാളെയുമാണ് വിസ്തരിച്ചത്. ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരേ കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊലപാതകം നടന്ന് ഏഴാം വര്‍ഷമാണ് കേസില്‍ വിധി പ്രഖ്യാപനമുണ്ടാവുന്നത്.

    കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരായ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികള്‍. കണ്ണൂര്‍ െ്രെകംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 302 (കൊലപാതകം), 153 എ (മതസൗഹാര്‍ദം തകര്‍ക്കാന്‍ വര്‍ഗീയ കലാപമുണ്ടാക്കല്‍), 295 (കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് മതസ്ഥാപനങ്ങളിലേക്ക് അതിക്രമിച്ചുകടക്കല്‍), 34 (അക്രമിക്കാന്‍ സംഘടിക്കല്‍), 201 (തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവയ്ക്കല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Tags:    

Similar News