പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് മദ്യവും മയക്കുമരുന്നും നല്‍കിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍

വടുതല സ്വദേശികളായ ഏയ്ഞ്ചല്‍ കോട്ടജില്‍ അലന്‍ ഫ്രാങ്ക്ളിന്‍ (22), കൊല്ലം വേലിയാത്ത് ഡെറിന് പീറ്റര്‍ (18), കുറുവന്തറ അതുല്‍ അജു (19) എന്നിവരാണ് പിടിയിലായത്.

Update: 2019-12-23 09:01 GMT

കൊച്ചി: വടുതല സ്വദേശി ആയ പത്താക്ലാസ് വിദ്യാര്‍ഥിക്ക് മദ്യവും കഞ്ചാവും സ്ഥിരമായി നല്‍കിവന്ന മൂന്നു യുവാക്കളെ എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തു. വടുതല സ്വദേശികളായ ഏയ്ഞ്ചല്‍ കോട്ടജില്‍ അലന്‍ ഫ്രാങ്ക്ളിന്‍ (22), കൊല്ലം വേലിയാത്ത് ഡെറിന് പീറ്റര്‍ (18), കുറുവന്തറ അതുല്‍ അജു (19) എന്നിവരാണ് പിടിയിലായത്. പഠനത്തില്‍ മികവ് കാട്ടിയിരുന്ന കുട്ടി അടുത്തിടെ പിന്നോക്കം പോയതും ഇടയ്ക്കിടെ രാത്രി വൈകി വീട്ടില്‍ എത്തുന്നതും ശീലമായതോടെ വീട്ടുകാര്‍ക്ക് സംശയമായി. അടുത്ത കൂട്ടുകാരുടെ ബര്‍ത്ത് ഡേ പോലുള്ള കാര്യങ്ങളും മറ്റും പറഞ്ഞു കുട്ടി വീട്ടുകാരെ വിശ്വസിപ്പിച്ചെങ്കിലും പലദിവസങ്ങളിലും കുട്ടി മദ്യപിച്ചു വീട്ടില്‍ വരുന്നതായി മനസിലായിരുന്നു.

കഴിഞ്ഞ ദിവസവും രാത്രി 11 മണി ആയിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ ഒരു കൂട്ടുകാരന്റെ ബര്‍ത്ത് ഡേ ആണെന്ന് പറഞ്ഞു ഫോണ്‍ വെച്ചെങ്കിലും കട്ട് ചെയ്യാന്‍ മറന്നുപോയി.ഫോണിലൂടെ കുറേപ്പേരുടെ ശബ്ദം കേട്ട മാതാവ് ഫോണ്‍ പിതാവിന് കൊടുത്തു. അതിലൂടെ കൂട്ടുകാര്‍ ചേര്‍ന്ന് മയക്കു മരുന്ന് ഉപയോഗിക്കുകയാണ് എന്ന് പിതാവിന് മനസിലായെങ്കിലും സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ ഒന്നും അറിയാത്തപോലെ മുറിയില്‍ കയറി കിടന്നു. ഒരു മണിക്കൂറിനു ശേഷം കുട്ടിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ വീടിന്റെ മുകളിലെ വാട്ടര്‍ ടാങ്കിന്റെ പുറത്ത് ചുരുണ്ടു കൂടി കിടക്കുകയായിരുന്നു.

തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ആണ് മൂന്നു പേരും ചേര്‍ന്ന് ചെറിയ കുട്ടികള്‍ക്കു മദ്യവും മയക്കു മരുന്നും നല്‍കിവരുന്ന കാര്യം മനസിലായത്. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിനായി കൊണ്ടു പോയ ശേഷം ആണ് പിതാവ് പോലിസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വഷണത്തിലാണ് ഇവര്‍ പിടിയിലായത്. എറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ സിബി ടോം, എസ് ഐമാരായ അനസ്,ഡെന്നി, എഎസ് ഐ വിനോദ് കൃഷ്ണ, പോലീസുകാരായ അജിലേഷ്, ഓസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരെയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്‍ഡ് ചെയ്തു. വടുതല പച്ചാളം ഭാഗത്തു തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും 

Tags:    

Similar News