സുധീരലോകം കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കം

2014 മുതല്‍ 2019 വരെയുള്ള അറുപത് കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്. കേരളത്തെ പിടിച്ചുലച്ച പ്രളയം വിഷയമായ ആറ് കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Update: 2019-09-03 13:37 GMT

കായംകുളം: സുധീര ലോകം എന്ന് പേരിട്ടിരിക്കുന്ന കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ ഏഴ് ദിവസത്തെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനത്തിന് കായംകുളം ശങ്കര്‍ മ്യൂസിയം ഗ്യാലറിയില്‍ തുടക്കമായി. കേരള ലളിത കലാ അക്കാദമി ഒരുക്കിയ പ്രദര്‍ശനം ആദ്യ ദിനത്തില്‍ എത്തിചേര്‍ന്ന എല്ലാവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അഡ്വ: യു പ്രതിഭ എംഎല്‍എ, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്നും ചന്ദ്രന്‍ , കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണന്‍, ടി എ എസ് മേനോന്‍ , പ്രഫ. വി സി ജോണ്‍, കൃഷ്ണ പൂജപ്പുര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ സെക്രട്ടറി, ട്രഷറര്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സുധീര്‍നാഥ് തേജസ് പത്രത്തിന്റെ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി പി എം മ്പെയ്തിന്റെ മാധ്യമ കാര്യ സെക്രട്ടറിയും, തെഹറി ഹൈഡ്രോ പ്രൊജക്റ്റിനെ മീഡിയ മാനേജറുമായിരുന്നു സുധീര്‍നാഥ്.

2014ല്‍ തുടക്കം കുറിച്ച ശങ്കര്‍ സ്മാരക കാര്‍ട്ടൂണ്‍ മ്യൂസിയത്തിലെ ഗ്യാലറിയില്‍ ആദ്യമായാണ് ഒരു കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണിസ്റ്റുകളുള്ള കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളെ പ്രദര്‍ശനങ്ങള്‍ നടത്തുവാന്‍ കായംകുളത്തെ ശങ്കര്‍ സ്മാരക കാര്‍ട്ടൂണ്‍ മ്യൂസിയത്തിന്റെ ഗ്യാലറിയിലേയ്ക്ക് എത്തിക്കുന്നതിന് കേരള ലളിതകലാ അക്കാദമി നടപടി സ്വീകരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു.

കാര്‍ട്ടൂണിസ്റ്റ് ശങ്കറുമായുള്ള അപൂര്‍വ്വ അഭിമുഖങ്ങള്‍, സ്വന്തം അനുഭവകഥകള്‍ വിവരിക്കുന്ന ശങ്കറിന്റെ ദൃശ്യങ്ങള്‍, പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂക്ഷന്‍ എന്നീ ബഹുമതികള്‍ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍, തുടങ്ങിയവ ഉള്‍പ്പെടുത്തി ഫിലിം ഡിവിഷന്‍ നിര്‍മ്മിച്ച ' ഡെവിള്‍ ഓഫ് ഡല്‍ഹി ' എന്ന ഡോക്കുമെന്‍ട്രി കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടക്കുന്ന എട്ടാം തിയതി വരെ എല്ലാ ദിവസവും വൈകീട്ട് 4 മണിക്ക് ശങ്കര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കേരള ലളിതകലാ അക്കാദമി ഭാരവാഹികള്‍ അറിയിച്ചു. അബു, ഒ.വി വിജയന്‍ , തുടങ്ങി പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളെ കുറിച്ചുള്ള ഡോക്കുമെന്‍ട്രികളും, സുകുമാര്‍ , യേശുദാസന്‍, പി.വി. കൃഷ്ണന്‍ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും പ്രദര്‍ശിപ്പിക്കും. ശതാബ്ദിയിലെത്തിയ മലയാള കാര്‍ട്ടൂണിന്റെ വളര്‍ച്ചയില്‍ പ്രമുഖ പങ്ക് വഹിച്ച മലയാള കാര്‍ട്ടൂണിസ്റ്റുകളെ അനുസ്മരിക്കുന്ന ചടങ്ങും, മുഖാമുഖവും, ചര്‍ച്ചയും കാര്‍ട്ടൂണ്‍ സായാഹ്നത്തിന്റെ ഭാഗമായി നടക്കും. പ്രശസ്ത മലയാള കാര്‍ട്ടൂണിസ്റ്റുകളും, മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

2014 മുതല്‍ 2019 വരെയുള്ള അറുപത് കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്. കേരളത്തെ പിടിച്ചുലച്ച പ്രളയം വിഷയമായ ആറ് കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 പുസ്തകങ്ങളുടെ രചയിതാവായ സുധീര്‍നാഥിന്റെ പതിനാല് പുസ്തകങ്ങളുടെ കവറുകളും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. പ്രമുഖരായ പത്ത് പേരുടെ കാരിക്കേച്ചറുകളും പ്രദര്‍ശനത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു .

താന്‍ രാഷ്ട്രപിതാ സ്ഥാനം ഉപേക്ഷിക്കാന്‍ പോകുകയാണെന്ന് മഹാത്മ ഗാന്ധിജി നെഹ്‌റുവിനോട് പരിഭവം പറയുന്ന കാര്‍ട്ടൂണും, ഷീ ചിങ്ങ് പിങ്ങ് ആജീവനാന്തം ചൈനീസ് പ്രസിഡന്റായി തുടരും എന്ന വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി താന്‍ പണ്ടേ ചൈനീസ് ലൈനാണെന്ന് വി എസ്സ് പറയുന്ന കാര്‍ട്ടൂണും പ്രദര്‍ശനത്തില്‍ കാണാം. കേരള കോണ്‍ഗ്രസ്സ് ലയനത്തിന് കാനം രാജേന്ദ്രന്‍ തടസം നില്‍ക്കുന്നതിനാല്‍ രാജാവായ പിണറായോട് സ്ത്രീ വേഷത്തിലുള്ള കെ എം മാണി മൂപ്പരെ കാനനവാസത്തിനയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കാര്‍ട്ടൂണും ഉണ്ട്. ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും, മോദിയും, ട്രംപും ഉള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ കാര്‍ട്ടൂണുകളില്‍ കഥാപാത്രമായി എത്തുന്നുണ്ട്.

വിമര്‍ശന കലയായ കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിന് ഭയപ്പെടുന്ന നിലവിലെ സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തി 'ഡോണ്‍ഡ് സ്‌കെയര്‍ മീ' എന്ന കാര്‍ട്ടൂണില്‍, കാര്‍ട്ടൂണിസ്റ്റും കുടുംബവും തന്നെയാണ് കഥാപാത്രങ്ങള്‍. പ്രദര്‍ശനം സെപ്തംബര്‍ 8 ഞായറാഴ്ച്ച സമാപിക്കും.

Tags:    

Similar News