കനത്ത ചൂട് ഒരാഴ്ചകൂടി നീണ്ടുനില്‍ക്കുമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപോര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി കനത്ത ചൂട് അനുഭവപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഇതുവരെ 200ഓളം പേര്‍ക്ക് സൂര്യഘാതമേറ്റു. സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണം. സ്വകാര്യ ആശുപത്രികള്‍ക്കും ചികില്‍സാ നിര്‍ദേശങ്ങള്‍ നല്‍കി. സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇതുവരെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, സംസ്ഥാനത്ത് ചൂട് കനത്തതോടെ ആലപ്പുഴയില്‍ രണ്ടുപേര്‍ക്കും പാലക്കാടും ഒരാള്‍ക്കും ഇന്ന് സൂര്യാതപമേറ്റു. കായംകുളം സ്വദേശി അബ്ദുല്ലക്കും ആലപ്പുഴ ചേര്‍ത്തല കണ്ണംപള്ളി സ്വദേശി തങ്കൂട്ടനുമാണ് സൂര്യാതപമേറ്റത്. ദൈനംദിനം വേനല്‍ കടുക്കുകയും നിരവധി ആളുകള്‍ക്ക് സൂര്യാതപം ഏല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്നുരാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു. പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാനായി അടിയന്തര യോഗവും വിളിച്ചു.
റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിക്കായിരിക്കും വരള്‍ച്ച സംബന്ധിച്ച ഏകോപന ചുമതല. സൂര്യാപതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫ്രന്‍സില്‍ വിലയിരുത്തും. ശുദ്ധജല ലഭ്യത ഉറപ്പു വരുത്താന്‍ ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. സംസ്ഥാനത്ത് ഇന്നും നാളെയും ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാകും ഉയര്‍ന്ന താപനില രേഖപ്പെടുത്തുക.