വെന്തുരുകി കേരളം: ആശങ്ക ഉയരുന്നു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
സൂര്യാഘാതമേറ്റ് ഇന്നു സംസ്ഥാനത്ത് മൂന്നൂപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് സൂര്യഘാതം ഏല്‍ക്കുകയും ചെയ്തു. താപനില ക്രമാതീതമായ ഉയരുന്നതിനാല്‍ നാളെയും മറ്റെന്നാളും 11 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശമുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ന് സംസ്ഥാനത്തു സൂര്യാഘാതമേറ്റ് മൂന്നു മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടൊപ്പം നിരവധി പേര്‍ക്ക് സൂര്യതാപം ഏല്‍ക്കുകയും ചെയ്തു. ഒരുമാസത്തിനിടെ സംസ്ഥാനത്ത് 118 പേര്‍ക്ക് സൂര്യാഘാതമേറ്റുവെന്ന്് ആരോഗ്യവകുപ്പ് പറയുന്നു. അതിനിടെ, നാളെയും മറ്റെന്നാളും സംസ്ഥാനത്തെ 11 ജില്ലകളില്‍ താപനില 2 മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഇന്ന് തിരുവനന്തപുരം പാറശാലയിലും പത്തനംതിട്ട മാരാമണ്ണിലും രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ വെള്ളോറയിലെ വൃദ്ധന്റെ മരണവും സൂര്യാഘാതമേറ്റാണെന്ന് സംശയിക്കുന്നു. ഇതിനുപുറമേ മറ്റ് രണ്ട് ജില്ലകളില്‍ നിന്നും സൂര്യാഘാതം റിപോര്‍ട്ട് ചെയ്തു. കാസര്‍കോട്ട് കുമ്പളയില്‍ മൂന്ന് വയസുകാരി മര്‍വ്വക്കും കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആര്‍എസ്പി മണ്ഡലം സെക്രട്ടറി നാസര്‍ ഖാനും സൂര്യാഘാതമേറ്റു.
പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണില്‍ പമ്പയാറിന്റെ തീരത്തുള്ള വഴിയരുകിലാണ് ഹോട്ടല്‍ ജീവനക്കാരനായ ഷാജഹാനെ(60) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണം സൂര്യാഘാതം മൂലമാണെന്ന് സംശയിക്കുന്നതായി മൃതദേഹം പരിശോധിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിലെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പോലിസ് വിശദമാക്കി.
തിരുവനന്തപുരത്ത് പാറശ്ശാലയില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചതും സൂര്യാഘാതം കാരണമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍(42) എന്നയാളെ കുഴഞ്ഞുവീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ കരുണാകരനെ ഉടനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തി. മരണം സൂര്യാഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ.
കണ്ണൂര്‍ വെള്ളോറയില്‍ കാടന്‍ വീട്ടില്‍ നാരായണനെ(67) പറമ്പില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്. സൂര്യാഘാതമാണ് ഇയാളുടെ മരണകാരണമെന്ന് സംശയമുണ്ട്. കാലിലെ തൊലി പൊള്ളിയ നിലയിലാണ് നാരായണന്റെ മൃതദേഹം ഇന്നുച്ചയ്ക്ക് കണ്ടെത്തിയത്. വെയിലേറ്റ് ഹൃദയാഘാതം മൂലം തളര്‍ന്നുവീണുവെന്നാണ് പ്രാഥമിക നിഗമനം. ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള മുന്നറിയിപ്പ് ഇതിനോടകം കാലാവസ്ഥാനിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
വരുന്ന രണ്ടുദിവസം 11 ജില്ലകളില്‍ താപനില രണ്ട് ഡിഗ്രീ മുതല്‍ നാല് ഡിഗ്രീ വരെ വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില നാലു ഡിഗ്രിവരെ ഉയരും. മറ്റു ജില്ലകളില്‍ താപനില മൂന്നു ഡിഗ്രി വരേയും ഉയര്‍ന്നേക്കും. ഉഷ്ണതരംഗത്തിന് സാധ്യതയുളളതിനാല്‍ 11മണി മുതല്‍ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നല്‍കി. ഇന്നലെ സംസ്ഥാനത്ത് 11 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.