കോഴിക്കോട്: കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. വാവാട് പുല്‍കുഴിയില്‍ പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ ആമിന(70)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. വാവാട് കണ്ണിപ്പുറായില്‍ സുഹറ(50) തിങ്കളാഴ്ച്ച രാത്രി 11.30ഓടെ മരണപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപമാണ് അപകടം. സുഹറയുടെ സഹോദരി കണ്ണിപ്പുറായില്‍ മറിയ (65) അപകട ദിവസംതന്നെ മരണപ്പെട്ടിരുന്നു. വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരക്കണ്ടിയില്‍ ഫിദ(23) എന്നിവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. റോഡ് മുറിച്ചു കടക്കുന്നതിനിടെ, കൊടുവള്ളി ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്.