നെയ്യാറ്റിന്‍കരയിലെ ഗോപന്റെ മരണം; നാളെ ആചാരപ്രകാരം വലിയ ചടങ്ങെന്ന് ബന്ധുക്കള്‍; അസ്വാഭാവികത തളളാതെ പോലിസ്

Update: 2025-01-16 09:29 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. എന്നാല്‍ ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തില്ലെന്നും നാളെ വിപുലമായ രീതിയില്‍ മതാചാരപ്രകാരം സംസ്‌കാരചടങ്ങുകള്‍ നടത്തുമെന്നും ഗോപന്റെ ബന്ധുക്കള്‍ പറഞ്ഞു.

''പിതാവിന്റെ സമാധിയുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവിച്ചു. സമാധിയായ ഒരാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത നടപടിയില്‍ എല്ലാവര്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കും. പിതാവിന്റേത് മഹാസമാധിയാണ്'' ഗോപന്റെ മകന്‍ സനന്ദന്‍ പറഞ്ഞു. കുടുംബത്തെ കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്നും അവര്‍ അനുഭവിച്ച വേദന ചെറുതല്ലെന്നും ഇനിയുള്ള കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു.

എന്നാല്‍ ഗോപന്റേത് സ്വാഭാവിക മരണമാണോ, അല്ലയോ എന്ന കാര്യത്തില്‍ പോലിസ് ഉറപ്പു പറഞ്ഞിട്ടില്ല. അസ്വാഭാവികത ഇല്ല എന്നു പറയണമെങ്കില്‍ രാസ പരിശോധനയടക്കമുള്ള കാര്യങ്ങളുടെ ഫലം പുറത്തുവന്നതിനു ശേഷമേ പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. പ്രാഥമിക കാര്യങ്ങള്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. അന്തിമഫലം പുറത്തു വരാന്‍ രണ്ടാഴ്ച സമയമെടുക്കും. ആവശ്യമായ സാമ്പിളുകള്‍ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട് ഫലം വരുന്നതുവരെ ആസ്വഭാവികത തള്ളിക്കളയനാകില്ലെന്നും, മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വിട്ടുനല്‍കുന്നത് സ്വാഭാവിക നടപടിയാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപന്‍ സ്വാമി എന്ന് വിളിക്കുന്ന ഗോപന്‍ എന്ന വയോധികന്‍ മരിക്കുന്നത്. മരണവിവരം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിച്ചില്ലെന്ന് അയല്‍വാസികള്‍ ആരോപിച്ചിരുന്നു. രണ്ടു മക്കള്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്യുകയായിരുന്നു. പിതാവ് തന്റെ സമാധി സമയം അറിയിച്ചിരുന്നെന്നും ആ സമയത്ത് ആരും അത് കാണാന്‍ പാടില്ലാത്തതുകൊണ്ടാണ് ആരേയും അറിയിക്കാത്തത് എന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട് മക്കളുടെ വിശദീകരണം. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിഷയം മറ്റൊരു തലത്തിലേക്ക് വഴിമാറിയത്.

Tags:    

Similar News