
നെയ്യാറ്റിന്‍കര:പാറശ്ശാലയില്‍ കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ച് കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീഷ്മക്ക് വധശിക്ഷ കൂടാതെ 2 ലക്ഷം രുപ പിഴയും വിധിച്ചു.
ഗ്രീഷ്മക്കെതിരെ കൊലപാതകം, വിഷം കൊടുത്തു, പോലിസിനെ തെറ്റിധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. 586 പേജുള്ള വിധിന്യായമാണ് കോടതി പരിശോധിച്ചത്. നിര്‍മല കുമാരന്‍ നായര്‍ക്കെതിരെ തെളിവു നശിപ്പിച്ചു എന്ന കുറ്റവും തെളിഞ്ഞു. അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു. വിധി കേള്‍ക്കാനായി ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിമുറിക്കുള്ളില്‍ ഉണ്ടായിരുന്നു.
ഗ്രീഷ്മക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടത്. സ്നേഹത്തെയാണ് ഗ്രീഷ്മ ഇല്ലാതെയാക്കിയതെന്നും അവര്‍ക്ക് ചെകുത്താന്റെ മനസാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഷാരോണിനെ പ്രതി വകവരുത്തിയത്. ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. കേസിനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം കേസായി കണ്ട് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍, ഗ്രീഷ്മയുടെ പ്രായവും മറ്റ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും പരിഗണിച്ച് പരമാവധി ശിക്ഷ കുറക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.