കഷായത്തില്‍ വിഷം കലക്കി കൊലപാതകം: കേസിലെ വിധി നാളെ

Update: 2025-01-16 15:20 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്തു കുടിപ്പിച്ചു കൊന്ന കേസിലെ വിധി നാളെ. ഒന്നാം പ്രതി ഗ്രീഷ്മ, കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രണയബന്ധത്തില്‍നിന്നു പിന്മാറാത്തതാണു കൊലപാതകത്തില്‍ കലാശിച്ചത്. മൂന്നു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ എം ബഷീറാണ് വിധി പറയുക.

സൈന്യത്തില്‍ ജോലിയുള്ള വ്യക്തിയുമായി വിവാഹം തീരുമാനിച്ചതിനു പിന്നാലെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്ന് പോലിസ് കണ്ടെത്തി. ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണ് കേസിലെ മറ്റുപ്രതികള്‍. അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്കുമെതിരെ തെളിവു നശിപ്പിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

2022 ഒക്‌ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍ വച്ച് കഷായം കഴിച്ചതിനെ തുടര്‍ന്നാണു മുര്യങ്കര ജെപി ഹൗസില്‍ ജയരാജിന്റെ മകനും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ഥിയുമായിരുന്ന ജെ പി ഷാരോണ്‍രാജ് (23) മരിച്ചത്. ഷാരോണിന്റെ മരണമൊഴിയാണു കേസില്‍ നിര്‍ണായകമായത്. ഗ്രീഷ്മ നല്‍കിയ ഒരു ഗ്ലാസ് കഷായമാണ് താന്‍ കുടിച്ചതെന്നു ഷാരോണ്‍ പറഞ്ഞിരുന്നു. വിഷം കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തിലും തെളിഞ്ഞിരുന്നു. ഗ്രീഷ്മ ചതിച്ചെന്നു ഷാരോണ്‍ സുഹൃത്ത് റെജിനോടു പറഞ്ഞതും നിര്‍ണായകമായി. ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസില്‍ വിഷം ചേര്‍ത്ത് 'ജൂസ് ചാലഞ്ച്' നടത്തിയിരുന്നു. അന്ന് ജൂസിന് കയ്പ്പായതിനാല്‍ ഷാരോണ്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂ. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കിയത്.

Tags:    

Similar News