നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ സംഭവം; കല്ലറ ഉടന്‍ പൊളിക്കും; പ്രതിഷേധവുമായി കുടുംബം

തന്റെ ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി സ്ഥലം പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഭാര്യ സുലോചന പറഞ്ഞു

Update: 2025-01-13 06:51 GMT

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ സംഭവത്തില്‍, കല്ലറ പൊളിക്കാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍.ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി. എന്നാല്‍ കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് കുടുംബം രംഗത്തെത്തി. തന്റെ ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി സ്ഥലം പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഭാര്യ സുലോചന പറഞ്ഞു. കല്ലറ തുറന്നാല്‍ താന്‍ അത്മഹത്യ ചെയ്യുമെന്ന് മകന്‍ രാജസേനന്‍ പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടുതല്‍ പോലിസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

പിതാവായ ഗോപന്‍ മരിച്ചതുമായി ബന്ധപ്പെട്ട് മക്കള്‍ പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുള്ളതിനാലാണ് പോലിസ് കേസിലെ അന്വേഷണം കടുപ്പിച്ചത്. മരിച്ചതിനു ശോഷമാണോ,അല്ലയോ പിതാവിനെ മക്കള്‍ അടക്കം ചെയ്തത് എന്ന കാര്യത്തിലും സംശയം നില നില്‍ക്കുന്നുണ്ട്. കേസില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപന്‍ സ്വാമി എന്ന് വിളിക്കുന്ന ഗോപന്‍ എന്ന വയോധികന്‍ മരിക്കുന്നത്. മരണവിവരം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിച്ചില്ലെന്ന് അയല്‍വാസികള്‍ ആരോപിച്ചിരുന്നു. രണ്ടു മക്കള്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്യുകയായിരുന്നു. പിതാവ് തന്റെ സമാധി സമയം അറിയിച്ചിരുന്നെന്നും ആ സമയത്ത് ആരും അത് കാണാന്‍ പാടില്ലാത്തതുകൊണ്ടാണ് ആരേയും അറിയിക്കാത്തത് എന്നുമാണ് ഇതുമായി ബന്ധപ്പെട്ട് മക്കളുടെ വിശദീകരണം. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

Tags:    

Similar News