കാര്‍ഷിക, ഉല്‍പ്പാദന മേഖലകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും: മന്ത്രി ജി ആര്‍ അനില്‍

സപ്ലൈകോ സയന്റിഫിക് ഗോഡൗണിന്റെയും ടീ ബ്ലെന്റിംഗ് യൂനിറ്റിന്റെയും ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു

Update: 2022-06-25 12:36 GMT

കൊച്ചി: സംസ്ഥാനത്തെ 90 ശതമാനം ജനങ്ങളും പ്രതിമാസം റേഷന്‍ കടകളില്‍ നിന്ന് കൃത്യമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍. ഇടപ്പള്ളിയില്‍ സപ്ലൈകോയുടെ സയന്റിഫിക് ഗോഡൗണിന്റെയും ടീ ബ്ലെന്റിംഗ് യൂനിറ്റിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഉല്‍പ്പാദന, കാര്‍ഷിക മേഖലകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്. കാര്‍ഷിക മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിദേശ, ആഭ്യന്തര മാര്‍ക്കറ്റുകള്‍ കണ്ടെത്താന്‍ കഴിയുന്നതിലൂടെ വലിയ രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഒരുകാലത്ത് റേഷന്‍ കടകളില്‍ നിന്നും അരിയും ധാന്യങ്ങളും വാങ്ങിയിരുന്നത് കോഴിക്കും മറ്റും കൊടുക്കാനായിരുന്നു. എന്നാല്‍ ഘട്ടം ഘട്ടമായ പ്രവര്‍ത്തനങ്ങളിലൂടെ ഗുണമേന്മ ഉറപ്പുവരുത്തി ഏറ്റവും മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ വകുപ്പിനെ മലയാളികളുടെ മനസില്‍ ജനകീയമാക്കിയത് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ ആണെന്നും അദ്ദേഹം അനുസ്മരിച്ചു.

കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം പി മുഖ്യാതിഥിയായി. സപ്ലൈകോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് പട്‌ജോഷി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ദീപ വര്‍മ്മ, സപ്ലൈകോ ജനറല്‍ മാനേജര്‍ ബി അശോകന്‍, രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു.ഇടപ്പള്ളി റെയില്‍വേ സ്‌റ്റേഷന് സമീപം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഉന്നത നിലവാരത്തിലുള്ള സയന്റിഫിക് ഗോഡൗണും, ചായപ്പൊടി നിര്‍മ്മിക്കുന്നതിനുള്ള ടീ ബ്ലെന്റിംഗ് യൂനിറ്റും ആരംഭിക്കുന്നത്. പൊതുവിതരണ വകുപ്പ് വഴി വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സയന്റിഫിക് ഗോഡൗണ്‍ നിര്‍മ്മിക്കുന്നത്.

Tags:    

Similar News