യുഡിഎഫ് വിമതനും ലീഗ് സ്വതന്ത്രയും പിന്തുണച്ചു; തൊടുപുഴയില്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ച് എല്‍ഡിഎഫ്

യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ് ചെയര്‍മാനാവും. പി ജെ ജോസഫ് വിഭാഗത്തിന്റെ ജോസഫ് ജോണിനെ ചെയര്‍മാനാക്കുന്നതിനെച്ചൊല്ലി യുഡിഎഫില്‍ ഉടലെടുത്ത ഭിന്നതയാണ് എല്‍ഡിഎഫ് മുതലാക്കിയത്.

Update: 2020-12-28 08:50 GMT

ഇടുക്കി: തൊടുപുഴ നഗരസഭയില്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ് ചെയര്‍മാനാവും. മുസ്‌ലിം ലീഗ് സ്വതന്ത്രയുടെയും യുഡിഎഫ് വിമതന്റെയും പിന്തുണയോടെയാണ് എല്‍ഡിഎഫ് അധികാരം പിടിച്ചെടുത്തത്. നഗരസഭാ 12ാം വാര്‍ഡില്‍നിന്നാണ് സനീഷ് ജോര്‍ജ് യുഡിഎഫ് വിമതനായി മല്‍സരിച്ചത്. പി ജെ ജോസഫ് വിഭാഗത്തിന്റെ ജോസഫ് ജോണിനെ ചെയര്‍മാനാക്കുന്നതിനെച്ചൊല്ലി യുഡിഎഫില്‍ ഉടലെടുത്ത ഭിന്നതയാണ് എല്‍ഡിഎഫ് മുതലാക്കിയത്.

35 അംഗ നഗരസഭയില്‍ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്. 12 സീറ്റില്‍ എല്‍ഡിഎഫും 8 സീറ്റില്‍ ബിജെപിയുമാണ് ജയിച്ചത്. രണ്ട് വിമതരും. ഇതില്‍ നിസ സക്കീര്‍ എന്ന വിമതസ്ഥാനാര്‍ഥിയുടെ പിന്തുണ കിട്ടിയതോടെ 14 സീറ്റുമായി അധികാരം പിടിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പിന്തുണ പ്രഖ്യാപിക്കാതിരുന്ന സനീഷ് ജോര്‍ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കി. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിനെയും കൂടി മറുകണ്ടം ചാടിച്ച് എല്‍ഡിഎഫ് നടത്തിയ നീക്കം നിര്‍ണായകമായി.

ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 14 ഉം യുഡിഎഫിന് 13 ഉം ബിജെപിയ്ക്ക് എട്ടും വോട്ടുകളാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്. രണ്ടാം ഘട്ടത്തില്‍ ബിജെപി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും കൂടി പിന്തുണച്ചതോടെ സനീഷ് ജോര്‍ജ് ഒരുവോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു. കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും പിണക്കി ചെയര്‍മാന്‍ സ്ഥാനം ചോദിച്ചുവാങ്ങിയ ജോസഫ് വിഭാഗത്തിന് തൊടുപുഴ നഗരസഭയില്‍ ഭരണം നഷ്ടമായത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി യുഡിഎഫിലെ തര്‍ക്കം കൈയാങ്കളി വരെയെത്തിയിരുന്നു.

തൊടുപുഴയില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെ കൈയേറ്റംചെയ്യുന്ന സ്ഥിതി വരെയുണ്ടായി. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും എതിര്‍പ്പുകള്‍ വകവയ്ക്കാതെയാണ് ജോസഫ് വിഭാഗത്തിലെ അഡ്വ.ജോസഫ് ജോണിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. ആദ്യത്തെ ഒരുവര്‍ഷമാണ് ജോസഫ് ജോണിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. നഗരസഭയില്‍ ജോസഫ് വിഭാഗത്തിലെ ഏഴ് സീറ്റില്‍ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. നിലവില്‍ യുഡിഎഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ലീഗാണ്. ആറ് കൗണ്‍സിലര്‍മാര്‍ ലീഗിനും അഞ്ചെണ്ണം കോണ്‍ഗ്രസിനുമുള്ളപ്പോഴാണ് രണ്ട് കൗണ്‍സിലര്‍മാര്‍ മാത്രമുള്ള ജോസഫ് വിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത് വലിയ വിവാദമായിരുന്നു. നഗരസഭയില്‍ ഭരണവും നഷ്ടമായതോടെ വരുംദിവസങ്ങളില്‍ യുഡിഎഫിനുള്ളില്‍ പൊട്ടിത്തെറിയുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

Tags:    

Similar News