സ്വാഭാവികമായ ചെറുത്തുനില്‍പ്പ്; ദുര്‍ഗാവാഹിനിയുടെ വാളേന്തി പ്രകടനത്തെ പിന്തുണച്ച് കെ സുരേന്ദ്രനും
കൊച്ചി: നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗാവാഹിനി നടത്തിയ വാളേന്തി പ്രകടനത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്ത്. മതഭീകരവാദികളില്‍ നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രക്ഷിക്കാന്‍ ആളുകള്‍ സ്വയം മുന്നോട്ടുവരികയാണെന്നാണ് ആയുധമേന്തി പൊതുനിരത്തില്‍ ദുര്‍ഗാവാഹിനി നടത്തിയ പ്രകടനത്തെ ന്യായീകരിച്ച് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. നെയ്യാറ്റിന്‍കരയിലെ വാളേന്തിയ സംഭവം അതാണ് തെളിയിക്കുന്നത്.സ്ത്രീകളുടെ പ്രതീകാത്മക പ്രകടനമാണ് നെയ്യാറ്റിന്‍കരയില്‍ നടന്നത്.
സര്‍ക്കാര്‍ അവര്‍ക്ക് ഒരു സംരക്ഷണവും കൊടുക്കുന്നില്ല. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കാലപുരിക്ക് അയക്കാന്‍ പോവുകയാണെന്നാണ് അവര്‍ പറയുന്നത്. മതഭീകരവാദികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരും പ്രതിപക്ഷവും സ്വീകരിക്കുന്നത്. അവരെ സംരക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ടുവരികയാണ്. അവിടെ ആയുധങ്ങളോ മറ്റ് കാര്യങ്ങളോ ഒന്നുമല്ല. ജനങ്ങള്‍ സംഘടിച്ച് ശക്തരായി മതഭീകരവാദത്തിനെതിരായി ചെറുത്തുനില്‍പ്പ് നടത്തുകയാണ്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്താനുള്ള ശ്രമം വിദേശ തലത്തില്‍ തന്നെയുണ്ട്. കേരളത്തെ കലാപഭൂമിയാക്കാനുള്ള വളരെ ആസൂത്രിതമായ നീക്കം നടക്കുകയാണ്.
കശ്മീര്‍ പണ്ഡിറ്റുകളെപ്പോലെ കേരളത്തിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആട്ടിയോടിക്കുമെന്നാണ് ഇസ്‌ലാമിക ഭീകരവാദികള്‍ പറയുന്നത്. അതിനെതിരായ ചെറുത്തുനില്‍പ്പ് സ്വാഭാവികമായുണ്ടാവും. മതഭീകരവാദ ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സമീപനത്തിനെതിരേ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ വിധിയെഴുതുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ആയുധമേന്തിയുള്ള പ്രകടനത്തെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്തുവന്നിരുന്നു. സ്വയരക്ഷയ്ക്ക് ആരെങ്കിലും വാളെടുത്താന്‍ നമുക്ക് എന്താണ് ചെയ്യാനാവുക എന്നാണ് മുരളീധരന്‍ ചോദിച്ചത്.
വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ നേതൃത്വത്തില്‍ മെയ് 22നാണ് നെയ്യാറ്റിന്‍കരയില്‍ വാളുകളുമായി പെണ്‍കുട്ടിള്‍ പഥസഞ്ചലനം നടത്തിയത് സരസ്വതി വിദ്യാലയത്തില്‍ നടന്ന ഒരാഴ്ചത്തെ പഠനശിബിരത്തിന്റെ ഭാഗമായുള്ള ആയുധ പരിശീലന ക്യാംപിന് ശേഷമാണ് പെണ്‍കുട്ടികള്‍ ആയുധമേന്തി റാലി നടത്തിയത്. ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ദുര്‍ഗവാഹിനി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.