'വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം'; പി സി ജോര്‍ജിന് കെ സുരേന്ദ്രന്റെ താക്കീത്

Update: 2024-03-04 08:36 GMT

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നാലെ ബിജെപിയിലെ ഭിന്നത രൂക്ഷമാവുന്നു. അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ പരസ്യമായി അമര്‍ഷം പ്രകടിപ്പിച്ച പി സി ജോര്‍ജിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ താക്കീത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും മിതത്വം പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ഇതിനുപുറമെ, ഫേസ് ബുക്കിലൂടെ എന്തെങ്കിലും വിളിച്ച് പറയുന്നവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അനില്‍ ആന്റണിയെ കുറിച്ച് പി സി ജോര്‍ജ് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖം ബിജെപിയില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. ഇക്കാര്യത്തില്‍, ഈയിടെ ബിജെപിയില്‍ ചേര്‍ന്ന പി സി ജോര്‍ജിനെതിരെ നടപടിയുണ്ടാവുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കെ സുരേന്ദ്രന്‍ താക്കീത് നല്‍കിയത്. മാത്രമല്ല, പി സി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാത്തതും ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. കര്‍ഷക മോര്‍ച്ച നേതാവ് ശ്യാം തട്ടയില്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. 'അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയാണെന്നും ഒരു ലക്ഷം വോട്ട് പോലും പിടിക്കില്ലെന്നും ശ്യാം തട്ടയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വ്യക്തമാക്കിയിരുന്നു. വിമര്‍ശനത്തിന് പിന്നാലെ ശ്യാം തട്ടയിലിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍, ശനിയാഴ്ച തന്നെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയില്‍ നിന്ന് രാജിവച്ചിരുന്നതായി ശ്യാം മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചു. പി സി ജോര്‍ജിനെ സഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News