കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നത്; കെ സുരേന്ദ്രന്‍ അഭിപ്രായം പറയാന്‍ ബിജെപിയോടല്ല പണം ആവശ്യപ്പെട്ടത്: വി ഡി സതീശന്‍
കേരളത്തിന് അര്‍ഹതയുള്ള തുക കേന്ദ്രം മനഃപൂര്‍വം അവഗണിക്കുകയാണെന്നും പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു
പാലക്കാട്: വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് അര്‍ഹതയുള്ള തുക കേന്ദ്രം മനഃപൂര്‍വം അവഗണിക്കുകയാണെന്നും പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
'വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണ്.ഇക്കാര്യത്തില്‍ കെ സുരേന്ദ്രന്‍ അഭിപ്രായം പറയാന്‍ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്. കേന്ദ്ര അവഗണയ്‌ക്കെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല. ഒറ്റയ്ക്ക് സമരം ചെയ്യും.
എസ്ഡിആര്‍എഫ് കൊടുത്തു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. അത് തെറ്റായ കാര്യമാണ്. മറ്റ് ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വിനിയോഗിക്കാനുള്ളതാണ് എസ്ഡിആര്‍എഫ്. അത് വയനാടിന്റെ പുനരധിവാസത്തിന് വേണ്ടിയുള്ളതല്ല. സ്പെഷ്യല്‍ അസിസ്റ്റന്‍സ് ആണ് അതിന് വേണ്ടത്. ഉത്തരാഖണ്ഡിനും ആസാമിനുമൊക്കെ അത് വേണ്ടുവോളം കൊടുത്തിട്ടുണ്ട്. 2018ലെ പ്രളയത്തില്‍ നമുക്കത് കിട്ടിയിട്ടുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ തനിനിറമാണ് തുക അനുവദിക്കാത്തതിലൂടെ വ്യക്തമാകുന്നത്' വിഡി സതീശന്‍ പറഞ്ഞു. ഇ പി ജയരാജന്‍ സത്യം മാത്രം പറയുന്നയാളാണ്. ശത്രുക്കളാണോ മിത്രങ്ങളാണോ ഇ പിക്ക് പണി കൊടുത്തത് എന്ന് അന്വേഷിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.